തിരുവനന്തപുരം: എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിൽ ‘സബ്ജക്ട് മിനിമം’ നേടാത്തവർ 21 ശതമാനം ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ച കുട്ടികളുടെ എണ്ണം 86,309 ആണ്. ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവർ 5516 പേരാണെന്നും മന്ത്രി പറഞ്ഞു.
ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30 ശതമാനം ആണിതെന്നും മന്ത്രി വ്യക്തമാക്കി. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷിതാക്കളെ അറിയിക്കുകയും ഈ കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണ ക്ലാസുകൾ നടത്താനും ആണ് തീരുമാനം.
ക്ലാസുകൾ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആയിരിക്കും നടത്തുക. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണ ക്ലാസുകളിൽ പങ്കെടുത്താൽ മതി.
ഇവർക്ക് ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും. ഓരോ ജില്ലയിലും പിന്തുണ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്.