ബോളിവുഡിൽ പുത്തൻ വിജയഗാഥ ഒരുക്കുകയാണ് അനിമൽ. സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ രൺബീർ കപൂറും , ബോബി ഡിയോളും ,രശ്മിക മന്ദാന , അനിൽ കപൂർ, തൃപ്തി ദിമ്രി തുടങ്ങിയവർ അണിനിരന്നപ്പോൾ പിറന്നത് വമ്പൻ വിജയം , രൺവിജയിയായി രൺബീർ സ്ക്രീനിൽ തകർത്തഭിനയിച്ചപ്പോൾ കേരളക്കര ഉൾപ്പടെ മുദ്രകുത്തി ഇത് സൂപ്പർ ഹിറ്റ്. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തന്നെ കളക്ഷനിലും വൻ കുതിപ്പാണ് അനിമൽ നടത്തുന്നത്. ചിത്രം റീലിസ് ചെയ്ത് പത്താം ദിവസത്തിലേക്ക് അടുക്കുമ്പോൾ 500 ആഗോളതലത്തിൽ കോടി പിന്നിട്ടിരിക്കുകയാണ് .ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. എന്നാൽ ചിത്രത്തിലെ സ്ത്രീവിരുദ്ധത സോഷ്യൽ മീഡിയ ചർച്ചകളിൽ ഇടം നേടുന്നുണ്ട്. അത്തരത്തിൽ മറ്റൊരു വിമർശനമാണ് ഇപ്പോൾ ചൂട് പിടിക്കുന്നത്
അനിമൽ’ സിനിമയ്ക്കെതിരെ കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് എംപിയുമായ രൻജീത് രഞ്ജൻ. ‘അനിമൽ’ കാണാൻ പോയ തന്റെ മകൾ ചിത്രം പൂർത്തിയാകുന്നതിന് മുൻപ് തിയറ്റർ വിട്ടുവെന്ന് രൻജീത് രഞ്ജൻ രാജ്യസഭയിൽ പറഞ്ഞിരുന്നു . ‘‘സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്. നമ്മൾ എല്ലാവരും സിനിമകൾ കണ്ടാണ് വളർന്നത്. സിനിമയ്ക്ക് യുവത്വത്തെ സ്വാധീനിക്കാൻ കഴിയും. എന്റെ മകൾ കോളജിലെ സുഹൃത്തുക്കൾക്കൊപ്പം ‘അനിമൽ’ കാണാൻ പോയിരുന്നു. സിനിമ പൂർത്തിയാകുന്നതിന് മുൻപ് കണ്ണീരോടെ അവൾ തിയറ്റർ വിട്ടു. അവൾക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല.
ഇത്തരം സിനിമകളിൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമത്തെയാണ് കാണിക്കുന്നത്. കബീർ സിങ് എന്ന സിനിമ നോക്കൂ. കേന്ദ്രകഥാപാത്രം അയാളുടെ ഭാര്യയെ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. യുവാക്കൾ ഇത്തരം കഥാപാത്രങ്ങളെ മാതൃകയായി കാണുന്നു. സിനിമകളിൽ ഇങ്ങനെയുള്ള അതിക്രമങ്ങൾ കാണുന്നതുകൊണ്ടാണ് സമൂഹത്തിലും ഇതെല്ലാം കാണേണ്ടി വരുന്നത്.’’- രൻജീത് രഞ്ജൻ രാജ്യസഭയിൽ പറഞ്ഞു.ചിത്രത്തിൽ ‘അർജൻ വൈലി’ എന്ന ഗാനം ഉപയോഗിച്ചതിനെയും എംപി വിമർശിച്ചു. പഞ്ചാബി യുദ്ധഗാനം, രൺബീർ കപൂറിന്റെ കഥാപാത്രം കൊലപാതക പ്രവർത്തികൾ ചെയ്യുന്നതിന്റെ പശ്ചാത്തലമായി നൽകി. ഇത് മതവികാരം വ്രണപ്പെടുത്തിയേക്കാം, എന്നും അദ്ദേഹം പറഞ്ഞു.