കൊച്ചിയിൽ തമ്മനത്ത് 40 വർഷം പഴക്കമുള്ള ജലസംഭരണി തകർന്നു
കൊച്ചി നഗരത്തെ ഞെട്ടിച്ച വൻ ദുരന്തമാണ് തമ്മനത്തിൽ പുലർച്ചെ ഉണ്ടായത്. നഗരത്തിന് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി വർഷങ്ങളോളം പ്രവർത്തിച്ചു വന്ന 1.35 കോടി ലിറ്റർ ശേഷിയുള്ള വലിയ ജലസംഭരണി തകർന്നു.
പുലർച്ചെ മൂന്നു മണിയോടെ ഉണ്ടായ അപകടത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും ഗുരുതര നാശനഷ്ടമുണ്ടായി.
40 വർഷത്തിലേറെ പഴക്കമുള്ള ഈ ടാങ്കിന്റെ ഭിത്തി, ദീർഘകാലമായി ഉണ്ടായിരുന്ന സമ്മർദ്ദത്തെ താങ്ങാൻ കഴിയാതെ പെട്ടെന്ന് തകരുകയായിരുന്നു.
അപകടം സംഭവിച്ചപ്പോൾ ടാങ്കിൽ ഏകദേശം 1.15 കോടി ലിറ്റർ വെള്ളം സംഭരിച്ച നിലയിലായിരുന്നു. ഈ വലിയ അളവിലുള്ള വെള്ളത്തിന്റെ അമിത സമ്മർദ്ദമാണ് തകർച്ചക്ക് പ്രധാന കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
കൊച്ചിയിൽ തമ്മനത്ത് 40 വർഷം പഴക്കമുള്ള ജലസംഭരണി തകർന്നു
റിസർവോയർ രണ്ട് ക്യാബിനുകളായി വിഭജിച്ചിരുന്നത്. അതിൽ ഒരു ക്യാബിൻ മുഴുവനും തകർന്നിരിക്കുകയാണ്. ഭിത്തി തകർന്നതോടെ, വൻ ശബ്ദത്തോടൊപ്പം വെള്ളം ചുറ്റുപാടുകളിലേക്ക് ഒഴുകി.
ടാങ്കിന് പിന്നിലായി സ്ഥിതി ചെയ്യുന്ന പത്തോളം വീടുകളിലേക്ക് വെള്ളം കയറുകയും മതിലുകൾ തകർന്നുവീഴുകയും ചെയ്തു. വീടിനുള്ളിലെ ഉപകരണങ്ങളും സാധനങ്ങളും ഒഴുക്കിൽ തന്നെ നഷ്ടപ്പെട്ടുവെന്ന് നാട്ടുകാർ പറയുന്നു.
വെള്ളത്തിന്റെ പ്രവാഹം അതിശക്തമായതിനാൽ വാഹനങ്ങളും ഒഴുകിപ്പോകുണ്ണ സാഹചര്യം ഉണ്ടായി. ചില വാഹനങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
പുലർച്ചെയായതിനാൽ അപകട വിവരം ആദ്യം അറിഞ്ഞില്ല. ഉറക്കത്തിലായിരുന്നവർ ശബ്ദവും വീടിനുള്ളിൽ കയറിവന്ന വെള്ളവും മൂലം പരിഭ്രമിച്ച് എഴുന്നേറ്റപ്പോൾ ആണ് സംഭവം മനസിലായത്.
കോർപ്പറേഷൻ 45-ാം ഡിവിഷനിലാണ് ഈ ടാങ്ക് സ്ഥിതി ചെയ്യുന്നത്. കുടിവെള്ള വിതരണം ഉറപ്പുനൽകുന്ന ഒരു പ്രധാന ഘടകമായിരുന്നിട്ടും, ടാങ്കിന്റെ പരിപാലനത്തിലുണ്ടായ വീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പണ്ടുകാലം മുതൽ ചോർച്ച പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിലും, വലിയ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അപകടം ഉണ്ടായ വിവരം ലഭിച്ചതോട് കൂടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു.
പ്രദേശത്തെ ജനങ്ങൾക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം നൽകുന്നതിനും അധിക നീക്കങ്ങൾ നടക്കുകയാണ്. ബാധിത പ്രദേശത്തെ വൈദ്യുതി വിതരണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തുകയും മാലിന്യ നീക്കം വേഗത്തിലാക്കുകയും ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.









