തളിപ്പറമ്പ്: 2023 നവംബറില്‍ പരിശീലനം ആരംഭിച്ച കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയനിലെ 162, കെ.എ.പി രണ്ടാം ബറ്റാലിയനിലെ 152 പേർ ഉള്‍പ്പെടെ 314 പൊലീസുകാർ കർമപഥത്തിലേക്ക്.314 policemen to Karmapatha
മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു.
2018ലെ പ്രളയകാലം മുതല്‍ ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങളില്‍ ജനങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സേനയായി പ്രവര്‍ത്തിക്കാന്‍ കേരള പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമായി മാറുന്നു. ഇത് പൊലീസിന്റെ കരുത്ത് വലിയ തോതിൽ വര്‍ധിപ്പിക്കുന്നതോടൊപ്പം പുതിയ മുഖം നല്‍കും. ജനങ്ങളുടെ ബന്ധു എന്നതാണ് ജനകീയ പൊലീസിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത -മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം. വിജിന്‍ എം.എല്‍.എ, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി ആംഡ് പൊലീസ് ബറ്റാലിയന്‍ എം.ആര്‍. അജിത് കുമാര്‍, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള ജി. ജയദേവ്, കെ.എ.പി രണ്ട് ബറ്റാലിയന്‍ കമാൻഡന്റ് ആര്‍. രാജേഷ്, കെ.എ.പി നാല് ബറ്റാലിയന്‍ കമാൻഡന്റ് അരുണ്‍ കെ. പവിത്രന്‍ എന്നിവരും പങ്കെടുത്തു.
പുതുതായി സേനയിലെത്തിയ പൊലീസുകാരിൽ ഒരു പിഎച്ച്.ഡിക്കാരനും 31 ബി.ടെക്കുകാരും. 20 എം.എ ബിരുദധാരികൾ, രണ്ട് എം.ടെക്കുകാർ, അഞ്ച് എം.ബി.എക്കാർ, 154 ബിരുദധാരികൾ, ഒരു ബി.എഡ് ബിരുദം, 75 പ്ലസ് ടുക്കാർ, 25 ഡിപ്ലോമ/ ഐ.ടി.ഐ യോഗ്യതയുള്ളവരുമാണ്.
കെ.എ.പി നാലാം ബറ്റാലിയനിലെ എം. അഖില്‍ കുമാര്‍, സെക്കൻഡ് ഇന്‍ കമാൻഡര്‍ കെ.എ.പി രണ്ടാം ബറ്റാലിയനിലെ വിഷ്ണു മണികണ്ഠന്‍ എന്നിവർ പാസിങ് ഔട്ട് പരേഡ് നയിച്ചു. 1996 ട്രെയിനിങ് ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.