ബെംഗളൂരു: നായയുടെ കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയ പിതാവിന്റെ ബൈക്ക് പോലീസ് തടയുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം.
വേഗത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള വെപ്രാളത്തിൽ ഹെൽമറ്റ് ഇടാൻ പിതാവ് മറന്നു.
ഇതിനിടെ ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനായി ബൈക്ക് ട്രാഫിക് പൊലീസ് പിടിച്ചു നിർത്തിയപ്പോൾ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്കു വീഴുകയായിരുന്നു.
പിന്നാലെ വന്ന ടെംപോ കുഞ്ഞിന്റെ മുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു. റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. കർണാടക മണ്ഡ്യയിൽ ഇന്നലെ വൈകുന്നേരമാണു സംഭവംനടന്നത്.
നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് റിതീക്ഷയുടെ പിതാവിനെ ട്രാഫിക് പൊലീസ് പിഴ ചുമത്താനായി തടയുകയായിരുന്നു. ലോറി കയറിയതിന് പിന്നാലെ തലയ്ക്കേറ്റ മാരകമായ പരുക്കാണ് മൂന്നുവയസുകാരിയുടെ മരണകാരണം.
ആദ്യത്തെ ട്രാഫിക് പൊലീസ് സംഘത്തോട് വിവരം പറഞ്ഞപ്പോൾ അവർ വിട്ടയച്ചിരുന്നു. രണ്ടാമത്തെ ട്രാഫിക് സംഘമായിരുന്നു ഇത്തരത്തിൽ ക്രൂരമായി ബൈക്ക് തടഞ്ഞത്. വാഹനം നിർത്താനായി ഉദ്യോഗസ്ഥന്മാരിൽ ഒരാൾ മൂന്നുവയസുകാരിയുടെ പിതാവിന്റെ കയ്യിൽ പിടിച്ച് വലിച്ചതോടെയാണ് വാഹനം നിയന്ത്രണം വിടുകയായിരുന്നു.
ബൈക്ക് ഒരു വശത്തേക്ക് ചരിഞ്ഞതിനിടയിലാണ് അമ്മയുടെ കയ്യിലിരുന്ന മൂന്നുവയസുകാരി പിടിവിട്ട് റോഡിലേക്ക് വീണത്. ഈ സമയത്ത് ഇതുവഴി വന്ന ലോറിയാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയത്. സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പിന്നീട്റിതീക്ഷയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. മണ്ഡ്യയിലെ മിംസ് ആശുപത്രിക്കു പുറത്തായിരുന്നു പ്രതിഷേധം. പഴയ ബെംഗളൂരു മൈസുരു ദേശീയപാത നാട്ടുകാർ തടഞ്ഞിരുന്നു.
ഇതിനു പിന്നാലെ സംഭവത്തിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എഎസ്ഐമാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി എസ്പി ബി. മല്ലികാർജുൻ വിശദമാക്കിയിട്ടുണ്ട്.