ന്യൂഡൽഹി: രക്ഷാദൗത്യത്തിനിടെ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് (ഐസിജി) അംഗങ്ങളെ കാണാനില്ല. അറബിക്കടലിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐസിജി അധികൃതർ അറിയിച്ചു.(3 Coast Guard crew went missing while the helicopter was landing in the Arabian Sea)
ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്നു 45 കിലോമീറ്റർ അകലെ ടാങ്കറിനുള്ളിൽ പരുക്കേറ്റ കിടക്കുന്ന കോസ്റ്റ് ഗാർഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റർ വിന്യസിച്ചത്. അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെ ഹെലികോപ്റ്റർ നിയന്ത്രണം വിട്ട് കടലിൽ പതിക്കുകയായിരുന്നു. നാല് ജീവനക്കാരിൽ ഒരാളെ രക്ഷിച്ചെങ്കിലും മൂന്നു പേരെ കാണാതായി.
ഇവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി നാല് കപ്പലുകളും രണ്ടു വിമാനങ്ങളും വിന്യസിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.