പ്രയാഗ്‌രാജ് : കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
രണ്ടാം ഷാഹി സ്‌നാന ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതോടെ അവിടെ നിർമിച്ചിരുന്ന ബാരിക്കേഡ് തകർന്നതാണ് അപകടത്തിന് കാരണം.
ഏകദേശം പതിനഞ്ചോളം മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവത്തിൽ 30 മുതൽ 40 വരെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
മഹാകുംഭ മേളയുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ മൗനി അമാവാസിയിൽ സ്നാനഘട്ടങ്ങളിൽ ഉണ്ടായ തിക്കും തിരക്കും കാരണം അഖാഡകൾ ബുധനാഴ്ചത്തെ മൗനി അമാവാസി അമൃത സ്‌നാൻ പിൻവലിച്ചു .
നിർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് പൊതുജനങ്ങൾക്ക് വേണ്ടി അഖാഡകൾ ‘അമൃത് സ്നാനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡൻ്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ഫെബ്രുവരി 3 ന് നടക്കുന്ന ബസന്ത് പഞ്ച്മിയിലെ മൂന്നാമത്തെ ‘ഷാഹി സ്നാന’ത്തിൽ അഖാഡകൾ പങ്കെടുക്കും.
മൗനി അമാവാസിയിൽ ഇന്നത്തെ രണ്ടാം ‘ഷാഹി സ്നാന’ത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യാൻ കോടിക്കണക്കിന് ഭക്തർ വിശുദ്ധ നഗരമായ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി.
ഇതിനിടെ പുലർച്ചെ 2 മണിയോടെ സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റതായി റിപോർട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഗംഗാ സ്നാനത്തിന് ഏറ്റവും അനുകൂലമായ ദിവസങ്ങളിലൊന്നായ മൗനി അമാവാസിയിലെ പുണ്യസ്നാനത്തിനായി 10 കോടിയിലധികം ഭക്തർ ത്രിവേണി സംഗമത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്”