തിരുവനന്തപുരം: 123456, abcdef… ഓർക്കാൻ എളുപ്പത്തിന് ഇത്തരം പാസ്‌വേർഡ് ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ഹാക്ക് ചെയ്യാൻ സെക്കൻഡ് പോലും വേണ്ടെന്നാണ് റിപ്പോർട്ട്.
നോർഡ് വി.പി.എൻ സൈബർ സെക്യൂരിറ്റിക്ക് കീഴിലുള്ള സ്ഥാപനം നോർഡ്പാസാണ് ഏറ്റവുമധികം ഉപയോഗിക്കുന്നതും എളുപ്പത്തിൽ ഹാക്ക് ചെയ്യുന്നവയുമായ 20 പാസ്‌വേർഡുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.
123456, password (പാസ്‌വേർഡെന്ന് ഇംഗ്ളീഷിൽ ചെറിയ അക്ഷരത്തിൽ) തുടങ്ങിയവയാണ് ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്നവ.
കഴിഞ്ഞവർഷം ഇന്ത്യക്കാർ ഉപയോഗിച്ച 2.5 ടി.ബി (ടെട്രാ ബൈറ്റ്) ഡാറ്റാബെയ്സിൽ നിന്നാണ് ഇത്തരം വിവരങ്ങൾ ശേഖരിച്ചത്. മാൽവെയറുകൾ ഹാക്ക് ചെയ്തതും ഡാർക്ക് വെബിൽ നിന്ന് ലഭിച്ചതുമായ പാസ്‌വേർഡുകളാണ് പഠനത്തിന് ഉപയോഗിച്ചത്.
11111, 12345, 12345678, 123456789 തുടങ്ങിയ പാസ്‌വേർഡുകൾ ഹാക്ക് ചെയ്യാനും സെക്കൻഡിൽ താഴെ മതിയെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പേര് പാസ്‌വേർഡാക്കുന്നവർക്കും രക്ഷയില്ല. india123 എന്ന പാസ്‌വേർഡ് ഹാക്ക് ചെയ്യാൻ 50 സെക്കൻഡിൽ താഴെ മാത്രമേ എടുക്കൂ. ഓഫീസിലും സമൂഹ മാദ്ധ്യമ അക്കൗണ്ടിലും ഒരേ പാസ്‌വേർഡ് ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകളാണ് കൂടുതലും ഹാക്ക് ചെയ്യപ്പെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.