ക്വാലാലംപൂർ: മലേഷ്യയിൽ പരിശീലന പറക്കലിനിടെ നാവിക സേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്കു ദാരുണാന്ത്യം. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിൽ ഇന്നു രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ഹെലികോപ്റ്ററുകളുടെ റോട്ടറുകൾ തമ്മിൽ കുടുങ്ങിയതാണ് അപകടകാരണം. പിന്നാലെ രണ്ട് ഹെലികോപ്ടറ്ററുകളും നിലത്തേക്ക് വീണ് തകർന്നു.
കൂട്ടിയിടിക്ക് പിന്നാലെ ഹെലികോപ്റ്ററുകളിലൊന്ന് സ്വിമ്മിംഗ് പൂളിലും രണ്ടാമത്തേത് നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് തകർന്നു വീണത്. യൂറോകോപ്റ്റർ എഎസ്555എസ്എൻ ഫെന്നക്, എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്റ്റർ എന്നിവയാണ് കൂട്ടിയിടിച്ചത്. രണ്ടു ഹെലികോപ്റ്ററുകളിലായി പതിനൊന്ന് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഗസ്റ്റാ വെസ്റ്റ്ലാന്റിന്റേതാണ് എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്റ്റർ. എയർബസിന്റേതാണ് ഫെന്നക് ഹെലികോപ്റ്റർ. സംഭവത്തിൽ മലേഷ്യൻ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മലേഷ്യൻ റോയൽ നേവിയുടെ 90ാം വാർഷിക ആഘോഷങ്ങൾക്കായുള്ള പരേഡിന്റെ പരിശീലനത്തിനിടെയാണ് അപകടം നടന്നത്. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രതികരിച്ചു. കഴിഞ്ഞ മാസം മലേഷ്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ മലാക്കയിൽ തകർന്നു വീണു അപകടം സംഭവിച്ചിരുന്നു.
Read Also: മദ്യപിച്ച് എന്നും അമ്മയെ തല്ലുന്ന കാഴ്ചകണ്ടു ഗതികെട്ടു; മകൻ അച്ഛനെ അരിവാളിനു വെട്ടിക്കൊന്നു