ദില്ലി: രാജ്യം പരസ്പരം ചോദിക്കുന്നു, എന്തിനാണ് അവർ പാർലമെന്റിൽ പ്രതിഷേധിച്ചത്. പാർലമെന്റിൽ അതീവ സുരക്ഷയെന്ന അവകാശവാദം പൊള്ളയെന്ന് കാണിക്കാനുള്ള അപക്വമായ ശ്രമം അല്ല. 22 വർഷം മുമ്പ് എം.പിമാരെ ശാരീരികമായി ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ മെഷീൻ ഗണ്ണുമായി എത്തിവരുടെ പിൻമുറക്കാരുമല്ല. പിന്നെന്തിനാണ് ഈ സാഹസം. ഒരു പുരുഷായുസ് ബാക്കിയുള്ള 25 വയസുകാരനായ സാഗർ ശർമയും 33 വയസുള്ള മനോരജ്ഞനും നിയമനിർമാണ സഭയുടെ നടുത്തളത്തിലേയ്ക്ക് ചാടിയിറങ്ങിയതിന് പിന്നിലെ കാരണം അന്വേഷിക്കപ്പെടേണ്ടതാണ്.പോലീസ് പറയുന്ന അപസർപ്പ കഥകൾക്കപ്പുറം പ്രതികൾ ചില പ്രത്യയശാസ്ത്രങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. പാർലമെന്റിന് പുറത്ത് പുക ബോംബ് കത്തിച്ച് മുദ്രാവാക്യം വിളിച്ച നീലം ദേവി മാത്രമാണ് ഇത് വരെ അക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. ബാക്കിയുള്ളവർ പോലീസ് പിടിയിൽ മൗനത്തിലാണ്. കർഷക സമരം, പീഡനത്തിനെതിരെ ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധം എന്നിവയിൽ എല്ലാം സജീവമായി ഇടപെട്ടിട്ടുള്ള നീലം ദേവി ചൂണ്ടികാട്ടുന്നത് രാജ്യത്ത് ഉയരുന്ന തൊഴിൽ ഇല്ലായ്മ, അസുന്തലിതാവസ്ഥ, ഏകാധിപത്യം തുടങ്ങി വിഷയങ്ങൾ.
എം.എ, എം.എഡ്, എം.ഫിൽ എന്നിവ പാസായിട്ടുള്ള നീലം ദേവിയുടെ സ്വദേശം ഹരിയാനയിലെ ഖാസൊ മുർദ് എന്ന പിന്നോക്ക കാർഷിക ഗ്രാമമാണ്. പഠനത്തോടുള്ള താൽപര്യം അവരെ ഉന്നത വിദ്യാഭ്യാസ ബിരുദധാരിയാക്കി. സ്വദേശമായ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളിലും വളരെ സജീവമായി ഇടപെടുന്നയാളാണ് നീലം എന്ന് അവരുടെ സാമൂഹികമാധ്യമ പേജുകൾ പരിശോധിക്കുമ്പോൾ മനസിലാകും. കുട്ടികൾക്ക് ട്യൂഷനെടുത്തും, സമീപത്തെ സ്കൂളിൽ സമയം കിട്ടുമ്പോഴെല്ലാം പഠിപ്പിച്ചും ഗ്രാമത്തെ സഹായിച്ചു. ചില പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതും നീലമായിരുന്നു. ഗ്രാമമുഖ്യനോടൊപ്പം അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമുള്ള ആളാണ് നീലമെന്ന് ചിത്രങ്ങൾ പറയുന്നു.
അത് കൊണ്ട് തന്നെ ദില്ലിയിൽ വലിയ പ്രതിഷേധം നടത്തി, മാധ്യമങ്ങളിൽ വില്ലൻ പരിവേഷമുള്ള നീലത്തിന്റെ വാർത്ത തേടി അവരുടെ സ്വദേശത്ത് എത്തിയ മാധ്യമങ്ങൾക്ക് കാണാൻ കഴിഞ്ഞത് മറ്റൊരു കാഴ്ച്ച. നീലത്തിന്റെ കുടുംബവും ഗ്രാമവും അവരുടെ പ്രവർത്തിയെ പിൻതാങ്ങുന്നു. തൊഴിൽ ഇല്ലായ്മ, അസമത്വം തുടങ്ങിയ നീലം ദേവി ഉയർത്തിയ വിഷയങ്ങൾ എല്ലാം പ്രസക്തമെന്ന് കുടുംബം പ്രതികരിച്ചത് ഗ്രാമത്തിൽ എത്തിയ മലയാളം ചാനലായ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിലെ ഏക ഉന്നത ബിരുദധാരിയായ നീലം തെറ്റ് ചെയ്യില്ല എന്ന ഗ്രാമം ഒന്നടങ്കം പറയുന്നു. പക്ഷെ പാർലമെന്റിൽ കയറി പ്രതിഷേധിച്ചത് ശരിയായില്ല എന്ന് പറഞ്ഞത് സ്വന്തം സഹോദരൻ മാത്രമാണ്. എന്നാൽ കുടുംബത്തിൽ നിന്ന് നീലം ദേവിയ്ക്ക് കിട്ടിയ പിന്തുണ കർണാടക മൈസൂർ സ്വദേശിയായ മനോരജ്ഞന് ലഭിച്ചില്ല എന്നതാണ് വസ്തുത. മകൻ തെറ്റ് ചെയ്തെങ്കിൽ തൂക്കി കൊല്ലട്ടേ എന്നായിരുന്നു മനോരജ്ഞന്റെ പിതാവ് ആദ്യം പ്രതികരിച്ചത്. ഇദേഹം വഴിയാണ് മകന് പാർലമെന്റ് കാണാൻ പാസ് നൽകിയതെന്ന് സ്ഥലം എം.പിയായ പ്രതാപ് സിൻഹ പോലീസ് മൊഴി നൽകിയിരിക്കുന്നത്.
ഇരുപത്തിയൊന്നാം വയസിൽ ബ്രിട്ടീഷുകാരുടെ നിയമനിർമാണ സഭയിൽ ബോംബെറിഞ്ഞ രക്തസാക്ഷി ഭഗത്സിംഗിന്റെ പേരിലുള്ള ഫാൻ പേജിലാണ് പാർലമെന്റ് ആക്രമണ കേസിലെ പ്രതികളെല്ലാം പരിചയപ്പെടുന്നത്. ദക്ഷിണേന്ത്യയിൽ നിന്ന് മനോരജ്ഞൻ, മധ്യ ഇന്ത്യയിൽ നിന്ന് അമോൽ ഷിൻഡെ, വടക്കേന്ത്യയിൽ നിന്ന് സാഗർശർമ, നീലം ദേവി,ദില്ലിയിൽ നിന്ന് ലളിത് ത്സാ ,വിശാൽ ശർമ . ജനകീയ വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉള്ളവരാണ് പ്രതികളെല്ലാവരുമെന്ന് അവരുടെ സാമൂഹികമാധ്യമ പേജുകളിലെ പോസ്റ്റുകൾ വ്യക്തമാക്കുന്നു. തൊഴിൽ ഇല്ലായ്മ ഈ യുവാക്കളെ എല്ലാവരേയും ഒരു പോലെ ബാധിച്ചിരുന്നു.പട്ടാളക്കാരനാകാൻ ആഗ്രഹിച്ച യുവാവാണ് സാഗർ ശർമയെന്ന് സുഹൃത്തുക്കൾ ചില മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കൊണ്ട് വന്ന അഗ്നിവീർ പദ്ധതി സാഗറിന്റെ ആഗ്രഹങ്ങളെ തല്ലി കെടുത്തി. അഗ്നിവീറിനെതിരെ വലിയ പ്രതിഷേധം രാജ്യത്ത് ഉണ്ടായെങ്കിലും വിവിധ സംസ്ഥാനങ്ങൾ അടിച്ചമർത്തി. പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രം.
യുവാക്കൾക്കിടയിൽ ഉണ്ടാകുന്ന ചെറിയ പ്രതിഷേധം പോലും സർക്കാരുകൾക്ക് സഹിക്കാനാകുന്നില്ല. ജെ.എൻ.യു പ്രതിഷേധങ്ങൾക്ക് ഇരുപതിനായിരം രൂപ പിഴ, കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ രാജ്യദ്രോഹ കേസ്, എതിർ വാർത്തകൾ നൽകിയ ബിബിസി അടക്കമുള്ള മാധ്യമങ്ങൾക്കെതിരെ ആദായ നികുതി കേസ് തുടങ്ങി ജനാധിപത്യപരമായി ഉയരുന്ന എതിർപ്പുകളെല്ലാം അടിച്ചമർത്തപ്പെട്ട് കഴിഞ്ഞു. മാധ്യമ സ്വാതന്ത്രത്തിൽ ഇന്ത്യ ആഗോള റാങ്കിൽ ഏകാധിപത്യ രാജ്യങ്ങൾക്കും പിന്നിൽ. ആകെയുള്ള 180 രാജ്യങ്ങളിൽ 161 ആം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാനും പിന്നിൽ. തൊഴിൽ ഇല്ലായ്മ നിരക്ക് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ 7. 95 എന്ന അവസ്ഥയിൽ. ദാരിദ്രം പതിനഞ്ച് ശതമാനത്തിന് അടുത്ത് എത്തി. 2020ന് ശേഷം ഓരോ വർഷവും ദരിദ്രരുടെ എണ്ണം ഇന്ത്യയിൽ ഉയരുന്നു. പക്ഷെ ഇതൊന്നും പൊതു ചർച്ചയിലേയ്ക്ക് വരുന്നില്ല. എന്നാൽ ദാരിദ്രത്തിനും തൊഴിൽ ഇല്ലായ്മയ്ക്കും ഇരയാകുന്ന സമൂഹം എക്കാലവും അരക്ഷിതമായിരിക്കും. എക്കാലത്തേയും മാനവ ചരിത്രം ഒരു കാര്യം ഓർമിപ്പിക്കുന്നു ,പ്രതിഷേധിക്കാനുള്ള നിയമാനുസൃതമായ വഴികൾ അടഞ്ഞുകിടക്കുമ്പോൾ, നിയമവിരുദ്ധമായ മാർഗങ്ങൾ ഉയർന്നുവരും. എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ ഏറ്റവും പവിത്രമായ ജനാധിപത്യ സ്ഥാപനമായ പാർലമെന്റിന് യുവാക്കൾക്ക് പാഞ്ഞടുക്കേണ്ടി വന്നത് നല്ലതല്ല.പ്രതിഷേധിക്കാനുള്ള ജനാധിപത്യ ഇടങ്ങൾ ചുരുങ്ങാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.ഇപ്പോൾ ഉയർന്നത് വെറുമൊരു പുക മാത്രമാണ് എന്ന് തെറ്റിദ്ധരിക്കരുത്.