കോട്ടയം കറുകച്ചാലിൽ തയ്യൽക്കട ഉടമയെ കബളിപ്പിച്ച് 18,000 രൂപ തട്ടിയെടുത്തവർ പിടിവീഴുമെന്നായപ്പോൾ ഗൂഗിൾ പേയിലൂടെ പണം തിരികെ നൽകി തടിതപ്പി. ശനിയാഴ്ച രാവിലെയാണ് കറുകച്ചാൽ അണിയറപ്പടിയിൽ പ്രവർത്തിക്കുന്ന തയ്യൽക്കടയിൽ തട്ടിപ്പ് നടന്നത്. (18,000 rupees duped by tailor shop owner, returns money through Google Pay)
സൗന്ദര്യ വർധക വസ്തുക്കൾ കടയിലെത്തിച്ചു നൽകാമെന്ന് പറഞ്ഞ ശേഷം ഉടമയായ സ്ത്രീയുടെ പക്കൽ നിന്നും 18,000 രൂപ വാങ്ങി വ്യാജ ബില്ലും നൽകി തട്ടിപ്പുകാർ മുങ്ങി. ബില്ലിൽ ഇവരുടെ വിലാസം ഉണ്ടായിരുന്നില്ല.
തട്ടിപ്പ് മനസിലായ കടയുടമ കറുകച്ചാൽ പോലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയവരുടെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം ഞായറാഴ്ച പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു.
ഇതോടെ തിങ്കളാഴ്ച രാവിലെ തട്ടിപ്പ് നടത്തിയ ആളുടെ സഹോദരിയെന്ന് പരിചയപ്പെടുത്തിയ യുവതിയും വക്കീലും പണം തിരിക നൽകാം പരാതി പിൻവലിക്കണമെന്ന് കടയുടമയെ വിളിച്ചു. ഗൂഗിൾ പേ ചെയ്ത് പണവും നൽകുകയായിരുന്നു.