കാസർകോട്: വീരർക്കാവിലെ കളിയാട്ടത്തിനിടെ വെടിപ്പുരക്ക് തീപിടിച്ച സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പത്തുപേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.154 people are under treatment
154 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് നടന്നഅപകടത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായി വരുന്നതേയുള്ളൂ.
കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 33 പേരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട് പേരുടേയും നില ഗുരുതരമാണ്. വെടിക്കെട്ടുപുരയ്ക്ക് സമീപം നിന്നിരുന്നവർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്.
സഞ്ജീവനി ആശുപത്രിയിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ഗുരുതരമാണ്.
കണ്ണൂർ മിംസിൽ അഞ്ചുപേരും കെ.എ.എച്ച് ആശുപത്രിയിൽ 11 പേരുമാണുള്ളത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ രാത്രി തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചാണ് അപകടമുണ്ടായത്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.
വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്.”