14-കാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ 65 വസ്തുക്കൾ നീക്കം ചെയ്തു. ബാറ്ററികൾ, റേസർ ബ്ലേഡുകൾ, ചങ്ങല, സ്‌ക്രൂ എന്നിവ ഉൾപ്പെടെയുള്ള വസ്തുക്കളാണ് വയറ്റിലുണ്ടായിരുന്നത്. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്‌തെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഉത്തർപ്രദേശിലെ ഹാഥ്‌റസ് സ്വദേശിയായ ആദിത്യ ശർമ്മ എന്ന 14-കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഡൽഹിയിലെ സഫ്ദാർജംഗ് ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിരവധി ആശുപത്രികളിൽ കാണിച്ചശേഷമാണ് ആദിത്യ ശർമ്മയുടെ മാതാപിതാക്കൾ സഫ്ദാർജംഗ് ആശുപത്രിയിൽ എത്തിയത്.
കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. വയറ്റിലുണ്ടായിരുന്ന വസ്തുക്കൾ കുട്ടി സ്വയം വിഴുങ്ങിയതാകാം എന്നാണ് അനുമാനിക്കുന്നത്.
ഹാഥ്‌റസിലെ മെഡിക്കൽ റെപ്രസന്ററ്റീവാണ് ആദിത്യ ശർമ്മയുടെ പിതാവ് സഞ്ചേത് ശർമ്മ. ഒക്ടോബർ 13-നാണ് മകന് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ആഗ്ര, ജയ്പുർ, അലിഗഢ്, നോയ്ഡ, ഡൽഹി എന്നിവിടങ്ങളിലെ ആശുപത്രികളിൽ കുട്ടിയെ കാണിച്ചിരുന്നുവെന്നും കുട്ടിയുടെ ഉള്ളിൽ നിന്ന് ചില വസ്തുക്കൾ ഇവിടങ്ങളിൽനിന്ന് പുറത്തെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English summary : 14-year-old had 65 items in his stomach; Intestinal infection; The tragic end