കൊച്ചിയുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച ഒന്നാണ് മെട്രോ. വൻ നഗരങ്ങളുടെ പട്ടികയിലേക്ക് കൊച്ചിയെ കൈപിടിച്ചു ഉയർത്തുമ്പോഴും മെട്രോയുടെ മേൽ ചില്ലറ ചീത്ത പേരുകളും ഉണ്ട്. അത് മെട്രോ എത്താൻ നടത്തുന്ന തൂണുകളുമായി ബന്ധപ്പെട്ടതാണ്. കൊച്ചിയുടെ ഹൃദയത്തിലൂടെ പായുന്ന മെട്രോയുടെ 825 നമ്പർ തൂണും അതിന്റെ തൊട്ടടുത്തുള്ള 826 നമ്പർ തൂണുമാണ് കഥയിലെ വില്ലന്മാർ.
ആളെക്കൊല്ലി തൂണുകൾ എന്നാണ് ഇവയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനിടെ വിലപ്പെട്ട 14 മനുഷ്യ ജീവിതങ്ങളാണ് ഈ തൂണുകൾ കവർന്നെടുത്ത്. ഇതിനടുത്തെത്തുമ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. മുന്നിൽ പോകുന്ന വണ്ടികൾ ഒരു കാരണവുമില്ലാത്ത മറിയുന്നത് തങ്ങളുടെ സ്ഥിരം കാഴ്ചയാണെന്ന് നഗരത്തിലെ ഓട്ടോക്കാരും പറയുന്നു. തൂണുകളിൽ പ്രേതബാധ ഉണ്ടെന്നുവരെ നാട്ടുകാരിൽ ചിലർ പറഞ്ഞു പരത്തുന്നു.
വിശ്വാസങ്ങൾ ഇതായിരിക്കും. എന്നാൽ സത്യം മറ്റൊന്നാണ്. തൂണിനെ കുറ്റം പറയുന്നവർ മനസ്സിലാക്കേണ്ടത് ഇത് തൂണിന്റെ കുറ്റം കൊണ്ടല്ല, മറിച്ച് അശാസ്ത്രീയമായ റോഡ് നിർമ്മാണ രീതിയുടെ പ്രശ്നമാണ് എന്നതാണ്. ഈ തൂണുകളുടെ ചേർന്നുള്ള റോഡുകൾ നിരപ്പല്ല എന്നതാണ് പ്രധാന പ്രശ്നം. എന്നാൽ ഇത് പെട്ടെന്ന് കണ്ടെത്താനും ആവില്ല. അശാസ്ത്രീയമായ ഈ റോഡ് നിർമ്മാണം മൂലമാണ് ഈ തൂണുകളുടെ പരിസരത്ത് അപകടങ്ങൾ നിത്യസംഭവങ്ങൾ ആകുന്നത്. വേഗത്തിൽ എത്തുന്ന ഇരുചക്രവാഹനങ്ങൾ ഇവിടെയെത്തുമ്പോൾ നിയന്ത്രണം നഷ്ടമാകുന്നത് സ്വാഭാവികവും സാധാരണവുമാണ്.
ഇത് സംബന്ധിച്ച മെട്രോ അധികൃതർ നടത്തിയ പഠനത്തിലാണ് റോഡിന്റെ അശാസ്ത്രീയത വ്യക്തമായത്. ഇതിനെ തുടർന്ന് തൂണുകളോട് ചേർന്നുള്ള റോഡ് ഭാഗം നിരപ്പാക്കുകയും പരുക്കനിട്ട് വൃത്തിയാക്കുകയും ചെയ്തു. രാത്രികാലങ്ങളിൽ പോലീസ് ഇവിടെ മുന്നറിയിപ്പ് ബാരിക്കേഡുകളും സ്ഥാപിക്കാറുണ്ട്. സംഗതി ഇതൊക്കെയാണെങ്കിലും കഥകൾക്കു യാതൊരു പഞ്ഞവുമില്ല. രാത്രികാലങ്ങളിൽ ഇതിനടുത്തു കൂടി പോകാൻ ഇപ്പോഴും ഭയക്കുന്നവർ ഉണ്ട്.