സാവോപോളോ: 84 വർഷം ഒരുമിച്ച് ജീവിച്ച് ലോക റെക്കോഡ് ഭേദിച്ച ബ്രസീലിയൻ ദമ്പതികൾ. 1940 ലാണ് മനോയലും മരിയ ദിനോയും വിവാഹിതരായത്. 1936ൽ പരമ്പരാഗത ബ്രസീലിയൻ മിഠായിയായ റപ്പാദുരാസ് കയറ്റുമതി ചെയ്യാൻ മനോയൽ ബോവ വിയാഗെമിലെ അൽമേഡ മേഖലയിലേക്ക് പോയതായിരുന്നു. അവിടെ വെച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. എന്നാൽ ആദ്യ കൂടിക്കാഴ്ചയിൽ അവർക്ക് പ്രണയമൊന്നും തോന്നിയിരുന്നില്ല.
കുറച്ചു വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോഴാണ് മരിയയാണ് തന്റെ സോൾ മേറ്റെന്ന് മനോയൽ ഉറപ്പിച്ചത്. അതോടെ പ്രണയം തുറന്നു പറയാൻ മനോയൽ തീരുമാനിച്ചു. മരിയക്ക് യെസ് പറയാൻ ആലോചിക്കേണ്ടി പോലും വന്നില്ലത്രേ. മരിയയുടെ ആ മറുപടി ഒരായുഷ്‍കാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രണയബന്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു.
ആദ്യമൊന്നും ഈ ബന്ധത്തോട് മരിയയുടെ അമ്മക്ക് താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ മകൾക്ക് കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല പങ്കാളിയാണ് താനെന്ന് മനോയൽ തെളിയിച്ചു. അവർക്ക് വേണ്ടി ആദ്യം ആ യുവാവ് ഒരു വീട് പണികഴിപ്പിച്ചു. ശേഷം 1940 ൽ കുടുംബത്തിന്റെ പൂർണ സമ്മതത്തോടെ ഇരുവരും വിവാഹിതരായി.
13 മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. 55 പേരക്കുട്ടികളും. പേരക്കുട്ടികൾക്ക് എല്ലാവർക്കുമായി 54 കുട്ടികളുമുണ്ട്. അവരുടെ 12 കുഞ്ഞുങ്ങളും ചേർന്നതാണ് ഇവരുടെ കുടുംബം. മനോയലിന് 105 വയസുണ്ട്. മരിയക്ക് 101 ഉം. പ്രായമായതോടെ വിശ്രമത്തിലാണ് രണ്ടുപേരും. തുടക്കത്തിൽ പറഞ്ഞതുപോലെ കാലത്തെ പോലും അതിജീവിപ്പിക്കുന്ന പ്രണയമാണ് തങ്ങളെ ഇക്കാലമത്രയും ബന്ധിപ്പിച്ചു നിർത്തിയതെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു.
ലോകത്ത് ജീവിക്കുന്നവരിൽ ഏറ്റവും കൂടുതൽ കാലം ഒരുമിച്ചു ജീവിച്ച ദമ്പതികൾ എന്ന ഗിന്നസ് റെക്കോഡ് ഇനി ഇവരുടെ പേരിലാണ്.നിലവിൽ ഡേവിഡ് ജേക്കബ് ഹിറ്റ്ലർ, സാറ ദമ്പതികളാണ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചത്. 88 വർഷവും 349 ദിവസവുമാണ് ഒരുമിച്ചു കഴിഞ്ഞത്.