ചോര കുടിക്കാൻ നോക്കേണ്ടെന്ന് മാധ്യമങ്ങളോട് ഗണേഷ് കുമാർ
തിരുവനന്തപുരം: രാജിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങൾക്കുള്ളതുമാത്രമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. അത്തരമൊരു ചർച്ച തനിക്കോ നാട്ടുകാർക്കോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ് കുമാർ പ്രതികരിച്ചത്.
“രാജി എന്ന അഭ്യൂഹം നിങ്ങൾക്കേ ഉള്ളൂ. എനിക്കുമില്ല, നാട്ടുകാർക്കും ഇല്ല. ഇന്ന് മറ്റാരുടേയും ചോര കുടിക്കാൻ കിട്ടിയില്ലേ? എന്റെ ചോര കുടിക്കാൻ നോക്കേണ്ട,” എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങളോട് സൗഹൃദപരമായി പെരുമാറിയതാണ് ചിലർ തലയിൽ കയറിയതെന്നും മന്ത്രി വിമർശിച്ചു. നന്നായി പെരുമാറുന്നത് കഴിവുകേടായി കാണരുത്. ഇനി ആരോടും സൗഹൃദം കാണിക്കില്ല; പഴയ ഗണേഷ് കുമാറായിരിക്കും ഇനി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാജിവെച്ച് പോകുമെന്ന പ്രതീക്ഷ ആരും വെക്കേണ്ട എന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസി ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മന്ത്രിസഭയ്ക്ക് ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളുവെന്നും താൻ രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇത് എന്റെ വിടവാങ്ങൽ പ്രസംഗമായി കരുതാം. ആരാണ് പിന്നീട് മന്ത്രിയായെത്തിയാലും വികസനം തുടരണം,” എന്നും ഗണേഷ് കുമാർ പറഞ്ഞു.
ഇതിനിടെ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെയും മന്ത്രി വിമർശിച്ചു. ഇത്തരമൊരു തീരുമാനം സ്ഥാപനത്തെ നശിപ്പിക്കുമെന്നും കോൺഗ്രസിന്റെ ഈ പ്രഖ്യാപനം രണ്ടുമാസം പോലും മുന്നോട്ടുപോകില്ല എന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:
Kerala Transport Minister KB Ganesh Kumar dismissed rumours about his resignation, saying such speculation exists only in the media. Speaking to reporters in Thiruvananthapuram after meeting the Chief Minister, he said he has no plans to resign and criticized certain media outlets for spreading rumours.









