ന്യൂഡല്‍ഹി: പ്ലാറ്റ്‌ഫോമില്‍ നിന്ന് എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ.Zomato says that no more AI pictures, originals are enough
തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ വിഭവങ്ങളുടെ ചിത്രങ്ങള്‍ ലഭിച്ചതായി നിരവധി ഉപഭോക്താക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചു.
‘ഉപഭോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമിടയിലുള്ള വിശ്വാസ ലംഘനത്തിലേക്ക് ഇത് നയിക്കുന്നു. കൂടാതെ റീഫണ്ടുകള്‍ വര്‍ധിക്കാനും കുറഞ്ഞ ഉപഭോക്തൃ റേറ്റിങ്ങിനും കാരണവുമാകുന്നു’- ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.
‘ഇനി മുതല്‍ റെസ്റ്റോറന്റ് മെനുകളിലെ ഡിഷ് ഇമേജുകള്‍ക്കായി എഐ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികളോട് അഭ്യര്‍ഥിക്കുന്നു, പ്ലാറ്റ്‌ഫോം ഈ മാസം അവസാനത്തോടെ മെനുകളില്‍ നിന്ന് അത്തരം ചിത്രങ്ങള്‍ സജീവമായി നീക്കംചെയ്യാന്‍ തുടങ്ങും’- ദീപീന്ദര്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
റെസ്റ്റോറന്റ് ഉടമകളോടും ഇന്‍-ഹൗസ് മാര്‍ക്കറ്റിങ് ടീമിനോടും മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്കായി എഐ ജനറേറ്റഡ് ഇമേജുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്താനും ഗോയല്‍ ആവശ്യപ്പെട്ടു.
പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വിവിധ മേഖലകളില്‍ എഐ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ റെസ്റ്റോറന്റ് മെനുകളിലെ വിഭവങ്ങള്‍ക്കായുള്ള ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്നതിനെ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു.
എഐ സൃഷ്ടിച്ച ഭക്ഷണ വിഭവ ചിത്രങ്ങള്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വിഷയത്തില്‍ നിരവധി ഉപഭോക്തൃ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഇത് വിശ്വാസ ലംഘനത്തിലേക്ക് നയിക്കുന്നുവെന്നും ഇത് പരാതികള്‍ക്കും റീഫണ്ടുകള്‍ക്കും ഒപ്പം കുറഞ്ഞ റേറ്റിങ്ങിലേക്കും നയിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കമ്പനി അറിയിച്ചു.