വാഹന പരിശോധനയ്ക്കിടെ പൊലീസ് മുഖത്തടിച്ചു
മലപ്പുറം: വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ യുവാവിന്റെ മുഖത്തടിച്ചതായി പരാതി. മലപ്പുറം മഞ്ചേരിയിൽ വെച്ചാണ് സംഭവം.
മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടിൽ ജാഫറിനെയാണ് മർദിച്ചത്. വാഹന പരിശോധനയ്ക്കിടെ പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിലാണ് മർദ്ദനം.
താനൊരു കൂലിപ്പണിക്കാരൻ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ മുഖത്തടിച്ചു എന്നാണ് പരാതി. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മഞ്ചേരി ട്രാഫിക് പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ നൗഷാദ് ആണ് യുവാവിനെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് നൗഷാദിനെ മഞ്ചേരിയിൽ നിന്നും പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയിട്ടുണ്ട്.
എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. വാഹനം ഓടിക്കുന്ന സമയത്ത് കാക്കി ധരിക്കാത്തതിനായിരുന്നു പിഴ ചുമത്തിയത്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നീതി കിട്ടണമെന്നും ജാഫർ പറഞ്ഞു.
ആദ്യം 250 രൂപയാണ് പിഴയെന്നു പറഞ്ഞു. എന്നാൽ അതിനുമുമ്പ് വന്ന ഒരാളുമായി എന്തോ പ്രശ്നം നടക്കുകയായിരുന്നു. പിന്നീട് 500 രൂപയായിരുന്നു പെറ്റി അടിച്ചുതന്നത്.
പോലീസ് ഉദ്യോഗസ്ഥൻ തന്റെ ഫോൺ വാങ്ങിവെച്ചു. സ്റ്റേഷനിൽ കൊണ്ടുപോയി. അടികിട്ടിയപ്പോൾ തലയുടെ സൈഡൊക്കെ നല്ല വേദനയായിരുന്നു. കോളറിൽ പിടിച്ചു. മൂന്നു നാലു തവണ അടിച്ചുവെന്നും ജാഫർ ആരോപിച്ചു.
വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തിന് നേരെ ആക്രമണം; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പോലീസ് സംഘത്തിനുനേരെ ആക്രമണം നടത്തി ബൈക്കിലെത്തിയ രണ്ടംഗ സംഘം. അക്രമാസക്തരായ പ്രതികൾ കൺട്രോൾ റൂമിലെ എസ്ഐയെ മർദ്ദിക്കുകയും, ജീപ്പിൻറെ ചില്ല് തകർക്കുകയും ചെയ്തു.
സംഭവത്തിൽ കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ സമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
കരിമഠം കോളനിയിൽ ശ്രീക്കുട്ടനെന്ന് വിളിക്കുന്ന പ്രവീൺ(19), പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ശരത് (18) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. കൊലക്കേസിൽ പ്രതിയാണ് പിടിയിലായ പ്രവീൺ.
രാത്രി പന്ത്രണ്ട് മണിയോടുകൂടി പാപ്പനംകോട് ജംഗ്ഷനിലാണ് ആക്രമണം നടന്നത്. ലഹരി പരിശോധനയുടെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിന് ഇടയിലായിരുന്നു മർദനം.
വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും, കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികൾ സമീപത്തെ തട്ടുകടയിലും കയറി ബഹളമുണ്ടാക്കി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച നേമം പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് പ്രതികളിൽ ഒരാൾ പോലീസ് ജീപ്പിൻറെ ചില്ല് കൈ കൊണ്ട് ഇടിച്ചു തകർത്തത്.
വാഹനത്തിന്റെ ചില്ലു തകർത്തപ്പോൾ കൈയ്ക്ക് പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രതി കൂടുതൽ ആക്രമാസക്തനായതിനെ തുടർന്ന് അവിടെനിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Summary: A young man from Malappuram complained that he was beaten up by a police officer during a vehicle inspection in Mancheri. The victim, identified as Jafar from Paithiniparambu.