എസ്എസ്എൽസി പരീക്ഷയുടെ പുനർമൂല്യനിർണയം, പുനഃപരിശോധന, ഉത്തരക്കടലാസ് കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഇന്നു മുതൽ 15 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. ഉപരിപഠന അർഹത നേടാത്ത വിദ്യാർത്ഥികൾക്കുള്ള സെ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 6 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് മൂന്ന് വിഷയങ്ങളിൽ സെ പരീക്ഷ എഴുതാം. ജൂൺ രണ്ടാം വാരം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരുടെ മാർക്ക് കാണിക്കുന്ന സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കർ വെബ്സൈറ്റിൽ ഓൺലൈനായി ലഭിക്കും. മൂന്ന് മാസത്തിനകം മൂല്യനിർണയ ലിസ്റ്റ് നൽകാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്നലെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് 99.69 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ വര്‍ഷം 99.70 ആയിരുന്നു വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്.
71831പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോട്ടയം ജില്ലയിലാണ്. 99.92 ശതമാനം പേർ ഇവിടെ വിജയിച്ചു. കുറവ് തിരുവനന്തപുരത്തും. ഏറ്റവുമധികം ഫുൾ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറത്താണ്. 4934 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 892 സർക്കാർ സ്കൂളുകൾളിൽ 100 ശതമാനം വിജയം ലഭിച്ചു. 1139 എയ്ഡഡ് സ്കൂളുകൾക്കും 443 അൺ എയ്ഡ്ഡ് സ്കൂളുകൾക്കും 100 ശതമാനം വിജയം ലഭിച്ചു.