നോർത്ത് അറ്റ്ലാന്റിക്കിൽ മുങ്ങിപ്പോയ ടൈറ്റാക്ക് കപ്പൽ കാണാൻ ചെറു മുങ്ങികപ്പലിൽ പോയ കോടീശ്വരൻമാർ ഛിന്നഭിന്നമായി പോയ വാർത്തയാണ് 2023നെ വേറിട്ട് നിറുത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 12,000യിരം അടി താഴെ കിടക്കുന്ന ടൈറ്റാനിക് 111 വർഷമായി ലോകത്തെങ്ങുമുള്ള സാഹസികരായ സഞ്ചാരികളുടെ ലക്ഷ്യമാണ്. പക്ഷെ കപ്പൽ കാണാനുള്ള യാത്ര ദുരന്തമായി പര്യവസാനിക്കുന്നത് ഇത് ആദ്യമാണ്. ഫ്രഞ്ച് ടൂറിസ്റ്റ് കമ്പനിയായ ഓഷ്യൻ ഗേറ്റിന്റെ പ്രഥമയാത്രയിൽ കൊല്ലപ്പെട്ടവരിൽ ബ്രിട്ടീഷ് ,പാക്കിസ്ഥാൻ കോടിശ്വരൻമാർ ഉൾപ്പെടുന്നു. ജൂൺ 18ന് ഉണ്ടായ അപകടത്തെക്കുറിച്ച് വിവിധ ലോകരാജ്യങ്ങളുടെ അന്വേഷണം പുരോഗമിക്കുന്നു.
ട്വിറ്റർ മാറി എക്സ്
2006ൽ നിലവിൽ വന്ന സാമൂഹിക മാധ്യമായ ട്വിറ്റർ-ന്റെ പേര് എക്സ് എന്നായി മാറിയ വർഷമാണ് 2023. ലോക കോടീശ്വരനായ ഇലോൺ മസ്ക്ക് വാങ്ങിയ ട്വിറ്റർ അടിമുടി മാറ്റത്തിന്റെ പാതയിലാണ്. സ്ഥിരം പ്രേക്ഷകരെ നഷ്ട്ടമായ ട്വിറ്റർ നഷ്ട്ടത്തിലാണന്ന കണക്കുകൾ ഈ വർഷമാദ്യം പുറത്ത് വന്നു.ജൂൺ മാസത്തോടെ പേര് മാറ്റി എക്സ് എന്നാക്കിയതായി ഇലോൺ മസ്ക്ക് പ്രഖ്യാപിച്ചു. സ്പെയ്സ് എക്സ് അടക്കം സ്വന്തം കമ്പനികൾക്കെല്ലാം എക്സ് എന്ന അക്ഷരം വരുന്ന രീതിയിൽ പേരിടുന്നതാണ് മസ്ക്കിന്റെ രീതി.
ട്വിറ്റർ മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ മറ്റൊരു ടെക്നോളജി ഭീമനായ ഓപ്പൺ എ.ഐയിലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. എ.ഐ എന്ന ടെക്നോളജി നിർമിച്ച് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ച ഓപ്പൺ എ.ഐ എന്ന കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ സാം ആൾട്ട്മാനെ കമ്പനി സൂം മീറ്റിങ്ങിലൂടെ പുറത്താക്കി. ബോർഡ് തീരുമാനത്തിനെതിരെ ജീവനക്കാരും ഷെയർ ഹോൾഡർമാരും പ്രതിഷേധിച്ചതോടെ ആൾട്ട്മാനെ ഒരു മാസത്തിന് ശേഷം വീണ്ടും തിരികെ നിയമിച്ചു.
ദുരന്തങ്ങളും ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധവും ഒന്നിന് പുറകെ ഒന്നായി ആഞ്ഞടിച്ച വർഷം കൂടിയാണ് 2023.
തുർക്കി – സിറിയ ഭൂകബം
രണ്ട് രാജ്യങ്ങളിലായി 67,000യിരം ജനങ്ങളുടെ ജീവനെടുത്ത വൻ ഭൂകമ്പത്തോടെയാണ് 2023 വർഷം ആരംഭിക്കുന്നത്. ഫെബ്രുവരി ആറിന് തുർക്കിയുടേയും സിറിയയുടേയും അതിർത്തി പങ്കിടുന്ന മേഖലയിൽ 7.8 പ്രകമ്പനത്തോടെയുള്ള ഭൂകബം ഇരുരാജ്യങ്ങളേയും തകർത്തു. 1939 ന് ശേഷം തുർക്കി നേരിടുന്ന ഏറ്റവും വലിയ ഭൂകബം കൂടിയാണ് 2023ൽ സംഭവിച്ചത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സഹായഹസ്തം നീട്ടി. പ്രതിസന്ധിയിൽ നിന്നും ഇപ്പോഴും ഇരുരാജ്യങ്ങളും പൂർണമായും കരകയറിയിട്ടില്ല.
റഷ്യ – ഉക്രയിൻ യുദ്ധം രണ്ടാം വർഷത്തിലേയ്ക്ക് കടന്നു.
ഫെബ്രുവരി 2022ന് ആരംഭിച്ച റഷ്യ- ഉക്രയിൽ യുദ്ധം 2023ലും അവസാനിച്ചിട്ടില്ല. യുദ്ധം വരും വർഷങ്ങളിൽ തുടരും. സമാധാന ചർച്ചകളെല്ലാം പരാജയപ്പെട്ടു. ഇരു രാജ്യങ്ങളിലേയും ലക്ഷകണക്കിന് പേർ ദുരന്തത്തിന്റെ കെടുതികൾ അനുഭവിക്കുന്നു. എത്ര പേർ കൊല്ലപ്പെട്ടു എന്നതിന് കൃത്യമായ കണക്കുകൾ ഇല്ല. ന്യൂയോർക്ക് ടൈസ് ദിനപത്രം ഏറ്റവും അവസാനം നൽകിയ റിപ്പോർട്ട് പ്രകാരം അഞ്ച് ലക്ഷം സൈനീകർ ഇരുരാജ്യങ്ങളിൽ നിന്നായി കൊല്ലപ്പെട്ടിട്ടുണ്ട്. അതിനടുത്ത് സാധാരണക്കാരും തോക്കിനിരയായിരിക്കുന്നു.
ഇസ്രയേൽ – ഹമാസ് പോരാട്ടം.
കരിംങ്കടൽ അതിർത്തി പങ്കിടുന്ന ഉക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ദുരന്തം ലോകം അനുഭവിക്കുകയാണ്. അപ്പോഴാണ് കടലിന് അപ്പുറത്ത് പാലസ്തീനിൽ ഹമാസ് പ്രവർത്തകരും ഇസ്രയേൽ സൈന്യവും പരസ്പരം ഏറ്റ് മുട്ടൽ ആരംഭിച്ചത്.
2023ൽ മാനവകുലത്തിന്റ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഹമാസ്- ഇസ്രയേൽ പോരാട്ടം. ഇത് വരെ 20,000യിരം പാലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.പാലസ്തീനിലെ 90 ശതമാനം വരുന്ന 2.3 മില്യൺ ജനങ്ങൾക്ക് സ്വന്തം വീടും പ്രദേശവും നഷ്ട്ടമായി. ഒക്ടോബർ ഏഴിന് അപ്രതീക്ഷിതമായി ഹമാസ് പ്രവർത്തകർ ഇസ്രയേലിൽ നടത്തിയ ആക്രമണമാണ് യുദ്ധസമാനമായ സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചത്. ഹമാസ് പ്രവർത്തകർ ബന്ദികളാക്കിയവരിൽ കുറച്ച് പേരെ മൂന്ന് ഘട്ടങ്ങളിലായി മോചിപ്പിച്ചെങ്കിലും ഇനിയുമേറെ ബന്ദികളെ മോചിപ്പിക്കാനുണ്ട്. ഇവരെ കണ്ടെത്താൻ പാലസ്തീൻ മുഴുവനായി കുഴിച്ച് മറിക്കുകയാണ് ഇസ്രയേൽ സേന. ഭൂമിക്കടയിലെ അനവധി ബങ്കറുകൾ നശിപ്പിക്കപ്പെട്ടു. പ്രധാനപ്പെട്ട ആശുപത്രികൾ തകർപ്പെട്ടു. 2023 അവസാനിക്കുമ്പോഴും ഇരുവരും തമ്മിലുള്ള പോരാട്ടം അവസാനിച്ചിട്ടില്ല.
പ്രഷുബ്ദ്ധമായ പാക്ക് – ബംഗ്ലാദേശ് രാഷ്ട്രിയം.
19 വർഷമായി ഭരണം തുടരുന്ന പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനക്കെതിരെ ബംഗ്ലാദേശിൽ വൻ പ്രതിഷേധം. അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിഷേധം. ഷെയ്ക്ക് ഹസീനയെ ഭരണത്തിൽ നിന്നും മാറ്റി നിർത്തി സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവിശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ ബി.എൻ.പി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു. ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ പാക്കിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അറസ്റ്റ് ചെയ്യപ്പെട്ടു. 2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി പദത്തിൽ നിന്നും പുറത്താക്കപ്പെട്ട ഇമ്രാൻഖാന് തിരിച്ചടികളുടെ വർഷമായിരുന്നു 2023. ഇമ്രാൻഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് അനുയായികൾ റാവൽപിണ്ടിയിലെ സൈനീക ആസ്ഥാനം, ആർമി തലവന്റെ ലാഹോറിലെ വസതിയിലേയ്ക്ക് ഇരച്ച് കയറാൻ ശ്രമിച്ചത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കി.
ഇന്ത്യ – കാനഡ – അമേരിക്ക
കാനഡയും അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം മോശമായ വർഷമായിരുന്നു 2023. പഞ്ചാബ് വംശജനായ കാനഡ പൗരനും ഖാലിസ്ഥാൻ വിഘടനവാദിയുമായ ഹർദീപ് സിങ്ങ് നിജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് കാനഡ പ്രധാനമന്ത്രിയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കി. ദില്ലിയിലെ കാനഡ എംബസിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവിശ്യപ്പെട്ടു. പരസ്പരം വെല്ലുവിളിയിലേയ്ക്കും കാര്യങ്ങൾ മാറി. ഇതിനിടയിൽ അമേരിക്കയിൽ വച്ച് മറ്റൊരു സിഖ് വിഘടനവാദിയായ കൊലപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചുവെന്നാരോപിച്ച് അമേരിക്ക കേസ് രജിസ്റ്റർ ചെയ്തു. നിഖിൽ ഗുപ്ത എന്ന ഇന്ത്യൻ പൗരനെ പ്രതി ചേർത്ത് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധികൾക്ക് കേസിലുള്ള ബന്ധവും വ്യക്തമാക്കുന്നു. റിപ്പബ്ളിക് ദിന പരേഡിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബേഡനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ക്ഷണം ജോ ബേഡൻ സ്വീകരിച്ചില്ല.
Read More : മണിപ്പൂരും ഗുസ്തി താരങ്ങളുടെ സമരവും ട്രെയിൻ അപകടവും കറുത്ത ഏടുകളായ 2023ലെ ഇന്ത്യ.