തെക്കൻ ഗാസ നഗരമായ റഫയിലെ കുടുംബത്തിന് നേരെയുണ്ടായ ഇസ്രേയേൽ ആക്രമണത്തിൽ യുവതിക്ക് നഷ്ടമായത് ഭർത്താവും 11 വർഷത്തെ ചികിത്സയ്ക്ക് ശേഷം ലഭിച്ച ഇരട്ടക്കുട്ടികളെയും. വെറും അഞ്ചുമാസം മാത്രം പ്രായമുള്ള വിസ്സാം, നഈം എന്നീ ഇരട്ടക്കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. റാനിയ അബു അൻസ എന്ന യുവതിക്കാണ് ദുരന്തം നേരിട്ടത്. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, നിരവധി ചികിത്സകൾക്കും ശേഷമാണ് റാനിയക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. ഇസ്രായേൽ ആക്രമണത്തിൽ രണ്ടു കുഞ്ഞുങ്ങളും മരിച്ചു.
”ശനിയാഴ്ച രാത്രി 10 മണിയോടെ എഴുന്നേറ്റ ഞാൻ മകൻ നഈമിനെ മുലയൂട്ടി. തുടർന്ന് രണ്ടുപേർക്കുമൊപ്പം ഉറങ്ങാൻ കിടന്നു. അവരുടെ പിതാവും എന്റെ സമീപത്തുണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷം വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ഞങ്ങളുടെ വീട് തകർന്നു. ഞാൻ എന്റെ ഭർത്താവിനെയും മക്കളെയും കാണാതെ നിലവിളിച്ചു. അവരെല്ലാം മരിച്ചിരുന്നു. പിതാവ് എന്നെ തനിച്ചാക്കി അവരെയും കൊണ്ടുപോയി. ”ഇനി മുതൽ ആരാണ് എന്നെ ഉമ്മയെന്ന് വിളിക്കുക? ആരാണ് ഉമ്മയെന്ന് വിളിക്കുക?” രക്തം ചിതറിയ സ്വന്തം കുഞ്ഞുങ്ങളുടെ മുഖത്ത് നോക്കി റാനിയ ചോദിക്കുന്നു.