തൃശൂർ: യാത്ര ചെയ്യനെത്തിയ ഇതര സംസ്ഥാന യുവതി റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭവം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജസന ബീഗമാണ് റെയിൽവേ സ്റ്റേഷനിൽ പ്രസവിച്ചത്.(A woman gave birth to a baby girl at Thrissur railway station)
സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഒന്നാമത്തെ പ്ലാറ്റഫോമിന്റെ എക്സലേറ്ററിന്റെ സമീപത്തുവെച്ചാണ് പൂർണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ യാത്രക്കാരും റെയിൽവേ ജീവനക്കാരും കാണുന്നത്. ജസന ഗർഭിണിയാണെന്നും പ്രസവ വേദനയാണെന്നും തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസ് സേവനം തേടി. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് യുവതി പ്രസവിച്ചു.
തൃശ്ശൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അജിതാകുമാരിയുടെ നേതൃത്വത്തിൽ ആർപിഎഫ് എസ്ഐ ഗീതു കൃഷ്ണൻ, പൊലീസുകാരായ രേഷ്മ അർത്ഥന എന്നിവരുടെയും റെയിൽവേ പൊലീസ് എസ് ഐമാരായ മനോജ്, സജി ശ്രീരാജ് എന്നിവരുടെ സഹായത്താലാണ് പ്രസവം പൂർത്തിയാക്കിയത്. അമ്മയും കുഞ്ഞിനേയും തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. യുവതി ഐസിയുവിൽ തുടരുകയാണ്. ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്.