കുടുംബ വഴക്കിനിടെ യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിൽ കഴിഞ്ഞ ദിവസമാണ് അസാധാരണ സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ് ഭർത്താവിനെ ക്രൂരമായി ആക്രമിച്ചത്.
ഒന്നര വർഷങ്ങൾക്ക് മുൻപാണ് രവീണ കനയ്യലാലിനെ വിവാഹം നടന്നത്. രവീണയും ഭർത്താവും തമ്മിൽ കലഹിക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപുള്ള രാത്രിയിലും ഇവർ വലിയ രീതിയിൽ കലഹിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഭർത്താവ് വഴക്കുപറഞ്ഞയുടൻ രവീണ ഭർത്താവിന്റെ നാവ് കടിച്ച് മുറിക്കുകയായിരുന്നു. രവീണയുടെ ആക്രമണത്തിൽ ഭർത്താവിൻ്റെ നാവിന്റെ ഒരു ഭാഗം അറ്റുപോയി.
ഇതിന് ശേഷം രവീണ സ്വന്തം മുറിയിൽ കയറി അരിവാൾ കൊണ്ട് തന്റെ കൈത്തണ്ട മുറിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് രവീണയുടെ ഭർത്താവ് കനയ്യലാലിനെ ബന്ധുക്കൾ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇയാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.