മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇ ഡി ചോദ്യം ചെയ്തതുമുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ശശിധരൻ കർത്ത. ആരാണ് സിഎംആർഎൽ എം ഡിയായ ശശിധരൻ കർത്ത. മുവാറ്റുപുഴ പുല്ലുവഴി സ്വദേശിയായ ശശിധരൻ കർത്ത ചുരുങ്ങിയ കാലം കൊണ്ടാണ് കോടിക്കണക്കിന് രൂപ ആസ്തിയുള്ള വ്യവസായി വേഷം അണിഞ്ഞത്. സ്വന്തം വളർച്ചയ്ക്കുവേണ്ടി രാഷ്ട്രീയത്തേയും അധികാരത്തേയും മാധ്യമങ്ങളേയും സമർത്ഥമായി ഉപയോഗിച്ച വ്യവസായിയായി അയാൾ മാറി.
ഗൾഫിലായിരുന്നു ശശിധരൻ കർത്ത ആദ്യം ജോലി ചെയ്തിരുന്നത്. പ്രവാസ ലോകത്തു നിന്നും സമ്പാദിച്ച തുക കൊണ്ട് 1996ൽ കരിമണൽ സംസ്‌കരിച്ച് സിന്തറ്റിക് റൂട്ടൈൽ നിർമ്മിക്കുന്ന സ്ഥാപനമായ കൊച്ചിൻ മിനറൈൽസ് ആന്റ് റുട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) ശശിധരൻ കർത്ത ആരംഭിച്ചു. കർത്തയുടെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ അപകടരമായ രാസവസ്തുക്കളുടെ കൂട്ടത്തിൽപ്പെടുന്നതാണ്. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള സ്വാധീനം ഉപയോഗിച്ച് ഇത് അപകടകരമായ രാസവസ്തുക്കളുടെ പട്ടികയിൽ നിന്നും എടുത്തുമാറ്റി. എന്ന തന്റെ അധികാര ശക്തി ഉപയോഗിച്ച് വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് നിയമവിരുദ്ധ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള അനുമതി അദ്ദേഹം നേടിയെടുത്തു.
രാഷ്ട്രീയ ഭേദമന്യ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വാരിക്കോരി സാമ്പത്തിക സഹായം കൊടുക്കുന്ന ഇടമാണ് ശശിധരൻ കർത്തയുടെ വ്യവസായം. 2009-2010 കാലഘട്ടത്തിൽ അന്നത്തെ സർക്കാർ പത്മശ്രീ പുരസ്‌കാരത്തിനായി കർത്തയുടെ പേര് ശുപാർശ ചെയ്തിരുന്നു. സി.ഐ.ടി.യു നേതാവും വ്യവസായ മന്ത്രിയുമായിരുന്ന എളമരം കരീമാണ് 2010ൽ പത്മശ്രീയ്ക്കായി കർത്തയുടെ പേര് ശുപാർശ ചെയ്തത്. പ്രളയ ദുരിതാശ്വാസത്തിന് കോടികൾ സഹായം നൽകാനും കർത്ത മറന്നില്ല.
എന്നും പരിസ്ഥിതി അനുകൂല നിലപാടെടുക്കാറുള്ള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായുള്ള കർത്തയ്ക്കുള്ള അടുത്ത സൗഹൃദവും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മാധ്യമ മുതലാളികളുമായി കർത്തയ്ക്കുണ്ടായിരുന്ന അടുത്തബന്ധം അദ്ദേഹത്തിനെതിരായ പല വാർത്തകളും പുറത്തുവരാതിരിക്കാൻ കാരണമായി. ഇതിനിടയിൽ 2014ൽ മാതൃമലയാളം എന്ന പേരിൽ പത്രം ആരംഭിക്കുകയും ചെയ്തു.
കുടുംബാംഗങ്ങളും സഹോദരനുമൊക്കെ പങ്കാളിയായിട്ടായിരുന്നു ശശിധരൻ കർത്ത ആദ്യം വ്യവസായം തുടങ്ങിയത്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ വ്യവസായം വലിയ രീതിയിൽ വികസിച്ചു. പിന്നീട് ബിസിനസ് പങ്കാളികളായ സഹോദരങ്ങളുമായി തെറ്റിപ്പിരിഞ്ഞ കർത്ത സാമ്രാജ്യം മുന്നോട്ടുകൊണ്ടുപോയത് മകനൊപ്പമാണ്. ആലപ്പാട്, ചവറ മേഖലയിലെ തീരങ്ങളിലാണ് ഇൽമനേറ്റ് കിട്ടുന്നത് എന്നതിനാലാണ് അദ്ദേഹം ആലപ്പാട് ഭൂമി വാങ്ങിക്കൂട്ടിയത്. ബിനാമി പേരുകളിലും അല്ലാതെയും ഏക്കറുകണക്കിന് ഭൂമിയാണ് വാങ്ങിക്കൂട്ടിയത്.
ആലപ്പാട് ഖനനം നടത്താനുള്ള അധികാരം ഐ.ആർ.ഇയ്ക്കും കെ.എം.ആർ.എല്ലിനും മാത്രമാണുളളത്. പിന്നീട് സ്വകാര്യ മേഖലയിലുള്ള കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എല്ലിനുവേണ്ടി കർത്ത സുപ്രീം കോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. സ്വകാര്യ കമ്പനികൾക്ക് കരിമണൽ ഖനനം നടത്താമെന്നും എന്നാൽ ഏതൊക്കെ മേഖലകളിൽ കമ്പനികളെ ഖനനം നടത്താൻ അനുവദിക്കണമെന്നത് സംസ്ഥാന സർക്കാറിന് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി.
പെരിയാറിനെ മലിനീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയുടെ ഉടമയെന്ന നിലയിൽ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ശശിധരൻ കർത്തയ്‌ക്കെതിരെ പലതവണ സമരരംഗത്തിറങ്ങിയിരുന്നു. ഇയാൾക്കെതിരെ സമരം ചെയ്ത പരിസ്ഥിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അകത്തിട്ട സംഭവങ്ങളുമുണ്ട്. പമ്പ ശുദ്ധീകരണവുമായി ബന്ധപ്പെട്ട കരാർ നഷ്ടപ്പെടാനിടയാക്കിയതാണ് പരിസ്ഥിതി പ്രവർത്തകരോടുള്ള വൈരാഗ്യത്തിന്റെ പ്രധാന കാരണം. തന്റെ കമ്പനിയിലെ മാലിന്യങ്ങളിലെ രാസവസ്തുക്കൾ ഉപയോഗിച്ച് പമ്പ ശുദ്ധീകരിക്കാമെന്ന അവകാശവാദത്തോടെയായിരുന്നു പദ്ധതി. മലിനീകരണ നിയന്ത്രണ ബോർഡുമായി ചേർന്ന് പരീക്ഷണ പ്ലാന്റാണ് പമ്പയിൽ തുടങ്ങിയത്. 2008-2009ൽ പദ്ധതി നടപ്പിലാക്കുകയും ചെയ്തു. അന്ന് ഹിന്ദു പത്രം ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് തുടർച്ചയായി റിപ്പോർട്ടു ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പരിസ്ഥിതി പ്രവർത്തകർ വിദഗ്ധരുടെ സഹായത്തോടെ അവിടെ പഠനം നടത്തുകയും ഇതിന്റെ അനന്തര ഫലം സംബന്ധിച്ച് റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. ഇതേത്തുടർന്ന് 2009-10 കർത്തയുടെ നേതൃത്വത്തിലുള്ള പമ്പ ശുദ്ധീകരണ പദ്ധതി സർക്കാർ നിരോധിച്ചു.
കർത്തയുടെ കമ്പനിയിലെ മാലിന്യങ്ങൾ പമ്പയിൽ കലർത്താനുള്ള ശ്രമമായിരുന്നു യഥാർത്ഥത്തിൽ ഈ പദ്ധതി. കരിമണലിൽ നിന്നും സിന്തറ്റിക് റുട്ടൈൽ നിർമ്മിക്കുമ്പോഴുണ്ടാകുന്ന ഉപോൽപന്നമായ ഫെറസ് ക്ലോറൈഡ് പമ്പയിൽ പരീക്ഷിച്ച് അത് വിജയമാണെന്ന് അവകാശപ്പെട്ട് കേരളത്തിലെ എല്ലാ നദികളിലും ഉപയോഗിക്കാമെന്നതായിരുന്നു പദ്ധതി. അങ്ങനെ ഉപയോഗിച്ചാൽ തന്റെ കമ്പനിയിലെ മാലിന്യം ഒഴിവായി കിട്ടും. ഒപ്പം ഫെറസ് ക്ലോറൈഡിന് വിപണി കണ്ടെത്താനുമാകും. എന്നാൽ ശശിധരൻ കാർത്തിയുടെ ഈ ഗൂഢ ലക്ഷ്യം പരിസ്ഥിതി പ്രവർത്തകരുടെ സമയോചിതമായ ഇടപെടൽ മൂലം നടപ്പിലായില്ല.