തൃശൂര്‍: കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് തലയിൽ വീണ് വഴിയാത്രക്കാരന് പരിക്കേറ്റു. ഇരിഞ്ഞാലക്കുട സ്വദേശി ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. തൃശൂര്‍ മണികണ്ഠനാലിന് സമീപത്തെ കടയുടെ മുകളിലെ ഗ്ലാസ് തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു.(While walking, glass broke from the building and fell on head; pedestrian seriously injured)
തലയില്‍ ഗുരുതരമായി പരിക്കേറ്റ ഗോപാലകൃഷ്ണനെ ഉടനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന കടകള്‍ അധികൃതര്‍ അടപ്പിച്ചു. കെട്ടിടത്തിന്‍റെ പുറത്ത് പതിപ്പിച്ചിരിക്കുന്ന ചില്ലുകള്‍ മാറ്റാനും നിര്‍ദേശം നല്‍കി. തൃശൂരിലേക്ക് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഗോപാലകൃഷ്ണൻ.
കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ നിന്നാണ് ചില്ല് തകര്‍ന്ന് താഴേക്ക് വീണത്. കാലപ്പഴക്കം മൂലം എപ്പോൾ വേണമെങ്കിലും വീഴാവുന്ന നിലയിൽ നിരവധി ഗ്ലാസുകൾ ആണ് കെട്ടിടത്തിൽ ഉള്ളത്. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ റൗണ്ടിലെ എല്ലാ സ്ഥാപനങ്ങളിലും നാളെ പരിശോധന നടത്തും. നിയമലംഘനങ്ങളോ അപകടപരമായ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകുമെന്നും ഫയർഫോഴ്‌സ് അറിയിച്ചു.