തൃശൂർ: കേരള കാർഷിക സർവ്വകലാശാലക്ക് തേങ്ങ പൊതിക്കുന്ന യന്ത്രത്തിന്റെ പേറ്റന്റ് . സർവ്വകലാശാലയിലെ ഡോ.ജയൻ പി.ആർ, ഡോ.സി.പി മുഹമ്മദ്, എം.ടെക് വിദ്യാർത്ഥിനിയായ അനു ശരത് ചന്ദ്രൻ, റിസേർച് അസിസ്റ്റന്റ് ആയ കൊട്ടിയരി ബിനീഷ് ലാൽ എന്നിവരടങ്ങിയ സംഘമാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. കാര്യക്ഷമമായ നാളികേര സംസ്‌കരണത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രമെന്ന് ഇവർ പറഞ്ഞു. ‘ഒരു സ്റ്റേഷണറി യൂണിറ്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടർ ആണ് ഈ യന്ത്രത്തിന്റെ പ്രധാന ഭാഗം. തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങൾ ചിരട്ടയിൽ നിന്നും വിടുവിക്കുകയും തുടർന്ന് ചകിരി വേർപെടുത്തി എടുക്കുകയും ചെയ്യുന്നു.’ ഈ രീതിയിൽ ചിരട്ടക്കകത്തുള്ള മാംസളമായ ഭാഗത്തിന് കേടുപാടുകൾ ഒന്നും സംഭവിക്കുന്നില്ലെന്നും കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ പറഞ്ഞു.
ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകൾ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാവുന്നതാണ്. യന്ത്രത്തിൽ നിന്നും പുറത്തു വരുന്ന ചകിരി നേരിട്ട് തന്നെ കയർ നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതരത്തിലാണ് രൂപകൽപ്പന. യന്ത്രത്തിന്റെ നൂതനമായ രൂപകൽപ്പനയും ഉയർന്ന പ്രവർത്തന ക്ഷമതയും നാളികേരത്തിന്റെ കുറഞ്ഞ പൊട്ടൽ നിരക്കും നാളികേര സംസ്‌കരണ രംഗത്ത് വിപ്ലവം സൃഷ്ടിക്കും. 50,000 രൂപ വില വരുന്ന യന്ത്രത്തിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനായി സാങ്കേതികവിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോർപറേഷൻ ലിമിറ്റഡ്‌നു കൈമാറി. കേരള കാർഷിക സർവ്വകലാശാലയുടെ ഒരു പ്രധാന നേട്ടമായ ഈ കാർഷിക ഉപകരണം നാളികേര സംസ്‌കരണ രംഗത്തെ കാര്യക്ഷമതയും ഉൽപാദന ക്ഷമതയും ഉയർത്തുന്നതിന് കാരണമാകുമെന്നും ഗവേഷക സംഘം പറഞ്ഞു.
Read Also: വരയാടുകളുടെ സർവേക്കായി എത്തിയവരെ തുരത്തിയോടിച്ച് കാട്ടു പോത്ത്; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്