കോഴിക്കോട് : കാണാതാകുന്ന യുവാക്കളെ കണ്ടു കിട്ടുന്നത് ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ചനിലയിൽ. മൃതദേഹങ്ങൾക്ക് സമീപം സിറിഞ്ചുകളും.ചൊവ്വാഴ്ച രാത്രിയിൽ ഓട്ടോറിക്ഷയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഷാനിഫാണ് വടകരയിൽ ലഹരിക്കടിപ്പെട്ട് മരിച്ച അവസാനത്തെ ആൾ. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത് . 20 ദിവസത്തിനിടെ മൂന്നു യുവാക്കളാണ് അമിത ലഹരിമരുന്ന് ഉപയോഗത്തെത്തുടർന്ന് മരിച്ചത്.
ഷാനിഫിനെ കാണാനില്ലെന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭാര്യ വടകര പൊലീസിൽ പരാതി നൽകിയത്.പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന ശീലം ഷാനിഫിനുണ്ടായിരുന്നെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു .വടകര ജെടി റോഡിലെ പെട്രോൾ പമ്പിന് സമീപത്ത് ഓട്ടോയിലെ പിൻസീറ്റിൽ മൂക്കിൽനിന്നു രക്തം വാർന്ന നിലയിലായിരുന്നു ഷാനിഫിന്റെ മൃതദേഹം. സമീപത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പിയും സിറിഞ്ചും കണ്ടെത്തി.ഏപ്രിൽ 11നാണ് ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെ അമിതമായി ലഹരിവസ്തു ഉപയോഗിച്ചതിനെത്തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത് . കുനികുളങ്ങര ടവറിനു സമീപത്തെ തോട്ടത്തിൽ യുവാക്കൾ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശ്രീരാഗും അബോധാവസ്ഥയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായി.
മൃതദേഹത്തിന് സമീപത്തുനിന്നും എട്ടോളം സിറിഞ്ചുകളാണ് അന്ന് കണ്ടെത്തിയത്.പൊലീസിനെയും ആന്റി നർക്കോട്ടിക് സെല്ലിനെയും നോക്കുകുത്തിയാക്കിയാണ് വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം.അഞ്ച് മാസത്തിനിടെ എട്ടു യുവാക്കളാണ് വടകര മേഖലയിൽ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത്. ഇവരിൽ മിക്കവരുടെയും സമീപത്തു നിന്നും സിറിഞ്ചും കണ്ടെത്തി.
മാർച്ച് 20ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അണേലക്കടവ് സ്വദേശി അമൽ സൂര്യയെ (25) മരിച്ച നിലയിൽ കണ്ടെത്തി. അമലിന്റെ മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ചുകൾ കണ്ടെത്തി .കഴിഞ്ഞ ഡിസംബറിൽ ആദിയൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 2 പേർ മരിച്ച സംഭവം ലഹരിയുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന.
Read Also:റോക് ഫിഷിങ്ങിനു പോയ രണ്ട് മലയാളികളെ ന്യൂസീലൻഡിൽ കാണാതായി; കാണാതായത് മൂവാറ്റുപുഴ, നെടുമുടി സ്വദേശികളെ ; പരിശോധന തുടരുന്നു