ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പരിശോധിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതി(ജെ.പി.സി.) ഇന്ന് രൂപീകരിക്കും. ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്.Waqf Act Amendment Bill; Massive opposition protests; A joint parliamentary committee will be formed toda
പ്രതിപക്ഷ ആവശ്യം അംഗീകരിച്ചാണ് സ്പീക്കറുടെ നടപടി. ബിൽ പിൻവലിക്കുകയോ പരിശോധനയ്ക്കായി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.
വഖഫ് നിയമഭേദഗതി ബിൽ സംബന്ധിച്ച ഏതുപരിശോധനയ്ക്കും സർക്കാർ തയ്യാറാണെന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവിന്റെ നിലപാട്.
ബിൽ ജെ.പി.സി.ക്ക് വിടണമെന്നും അദ്ദേഹം ശുപാർശചെയ്തു. ഇതേത്തുടർന്ന് എല്ലാ പാർട്ടിനേതാക്കളുമായും ചർച്ചചെയ്തശേഷം ജെ.പി.സി. രൂപവത്‌കരിക്കാമെന്ന് സ്പീക്കർ സഭയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സംയുക്തസമിതിക്ക് രൂപം നൽകുക.
രണ്ടരമണിക്കൂറോളം നീണ്ട ഭരണ-പ്രതിപക്ഷ വാക് യുദ്ധങ്ങൾക്കൊടുവിലാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. എൻ.ഡി.എ. ഘടകകക്ഷികളായ ജെ.ഡി.യു.വും ടി.ഡി.പി.യും ശിവസേന ഷിന്ദേ വിഭാഗവും ബില്ലിനെ പിന്തുണച്ചു.
വൈ.എസ്.ആർ. കോൺഗ്രസ് എതിർത്തു.1923-ലെ മുസൽമാൻ വഖഫ് ചട്ടം പിൻവലിക്കുന്നതിനുള്ള ബില്ലും മന്ത്രി അവതരിപ്പിച്ചു.
ബിൽ മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള ഭീകരനിയമമാണെന്നും ഭരണഘടനയെയും രാജ്യത്തിന്റെ മതേതരത്വത്തെയും തകർക്കുമെന്നും ബിൽ അവതരണത്തെ എതിർത്ത് പ്രതിപക്ഷം വിമർശിച്ചു.
കേരളത്തിൽനിന്ന് കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, കെ. രാധാകൃഷ്ണൻ എന്നിവർ ബില്ലവതരണത്തെ എതിർത്ത് സംസാരിച്ചു.
ആരുടെയും മതസ്വാതന്ത്ര്യത്തിൽ ഇടപെടുന്നതിനല്ലെന്ന് മന്ത്രി കിരൺ റിജിജു മറുപടി നൽകി. ശബ്ദവോട്ടോടെ സഭ അംഗീകാരം നൽകിയതോടെയാണ് മന്ത്രി ബിൽ അവതരിപ്പിച്ചത്.
ബില്ലിനെച്ചൊല്ലി കോൺഗ്രസും പ്രതിപക്ഷവും രാജ്യത്തെ മുസ്‌ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു പാർലമെന്റിൽ പറഞ്ഞു.
മുസ്‌ലിംവിഭാഗങ്ങളുടെ ക്ഷേമത്തിനായി മുസ്‌ലിമല്ലാത്ത തനിക്ക് ബിൽ അവതരിപ്പിക്കാൻ അവസരംലഭിച്ചത് ഭാഗ്യമായി കരുതുന്നു. വഖഫ് ബോർഡുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനും മുസ്‌ലിംവിഭാഗത്തിലെ അവകാശം നിഷേധിക്കപ്പെട്ടവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സ്വത്തവകാശം ഉറപ്പിക്കുന്നതിനുമാണ് ബിൽ -അദ്ദേഹം പറഞ്ഞു.
വഖഫ് നിയമഭേദഗതി ബില്ലിലൂടെ രാജ്യത്ത് ഭിന്നതയുണ്ടാക്കി കലാപം സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
വഖഫ് ബോർഡിന്റെ സ്വത്തുക്കൾ വിശ്വാസികളുടേതാണ്. അമുസ്‌ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതാണ് ഭേദഗതി. അയോധ്യ രാമക്ഷേത്രബോർഡിലോ ഗുരുവായൂർ ദേവസ്വംബോർഡിലോ അഹിന്ദുക്കളെ ഉൾപ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോ?
താനും ഒരു വിശ്വാസിയാണെന്നും ഹിന്ദുവാണെന്നും മറ്റു വിശ്വാസികളെയും മതത്തെയും ബഹുമാനിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.”