തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ടതൊന്നും നൽകാതെ സമ്പൂർണമായി നിരാശപ്പെടുത്തിയ ബജറ്റാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
വിഴിഞ്ഞം, വയനാട് പാക്കേജുകൾ പരിഗണിച്ചതേയില്ല. വിഴിഞ്ഞത്തിന് 5000 കോടി, വയനാടിന് 2000 കോടി എന്നിങ്ങനെയുള്ള പ്രത്യേക പാക്കേജുകളാണ് കേരളം ആവശ്യപ്പെട്ടിരുന്നത്.
റബ്ബർ അടക്കം കൃഷിക്ക് ഒരു സഹായവുമില്ല. അതേസമയം താമരയുടെ അരി കൃഷിക്കുള്ള മഖാനയ്ക്ക് സാമ്പത്തിക സഹായമുണ്ട്. താമര അരി ഉത്പാദിപ്പിക്കുന്ന മഖാന കൊണ്ട് കേരളത്തിന് യാതൊരു ഗുണവുമില്ല.
നിക്ഷേപം, കയറ്റുമതി, വികസനം ഊന്നിപ്പറഞ്ഞാണ് കേന്ദ്ര ബജറ്റ്. ബജറ്റിലുടനീളം പറഞ്ഞത് ഇക്കാര്യങ്ങളെക്കുറിച്ചായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ രാജ്യത്തുണ്ടായ പ്രധാന കയറ്റുമതി വികസന പദ്ധതിയാണ് വിഴിഞ്ഞം. പക്ഷെഅതേക്കുറിച്ച് ഒന്നും പറഞ്ഞില്ല.
കയറ്റുമതിക്കുള്ള കവാടമായി വിഴിഞ്ഞം മാറാൻ കേന്ദ്രം ഒരു സഹായവും നൽകുന്നില്ല എന്നതാണ് വാസ്തവം. 5 ഐഐടികളിൽ പുതിയ കോഴ്സ് തുടങ്ങന്നതിൽ ഒരു കോഴ്സ് മാത്രമാണ് കേരളത്തിനുള്ളത്.
എല്ലാ ഹയർസെക്കൻഡറി സ്കൂളിലും ഇന്റർനെറ്റ് സൗകര്യമെന്ന് കേന്ദ്രബജറ്റിൽ പ്രഖ്യാപനമുണ്ട്. കേരളത്തിൽ പ്രൈമറി സ്കൂളുകളിൽ വരെ ഇന്റർനെറ്റ് ഉള്ളതിനാൽ ഇതിൽ നിന്ന് പണം കിട്ടില്ലെന്നതാണ് യാഥാർഥ്യം.
പ്രവാസികളുടെ ക്ഷേമത്തിന് കൂടുതൽ സഹായം ആവശ്യപ്പെട്ടതും നൽകിയില്ല. സ്റ്റാർട്ടപ്പുകൾക്ക് 2കോടി വരെ പലിശ കുറഞ്ഞ വായ്പ തുടരുന്നത് ഏറെ ഗുണകരമാണ്. കേരളത്തിന് 72000 കോടി തരേണ്ടിടത്ത് 32000 കോടിയേ തരുന്നുള്ളൂ.
കാർഷിക മേഖലയ്ക്ക് സബ്സിഡികളെല്ലാം വെട്ടി കുറച്ചു. പെട്രോളിയം സബ്സിഡി 2600 കോടി കുറച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ വർഷം 3000കോടി കുറച്ച് 86000 കോടിയാക്കിമാറ്റിയിരുന്നു. ഇക്കൊല്ലം ഒരു വർദ്ധനവും വരുത്തിയില്ല.
ഗ്രാമീണ മേഖലയിലേക്ക് പണമെത്തുന്ന പദ്ധതിയാണിത്. കാർഷിക വിള ഇൻഷ്വറൻസിന് 3600കോടി കുറച്ചു. ഇൻഷ്വറൻസിൽ 100ശതമാനം വിദേശ നിക്ഷേപം കേരളത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. കയറ്റുമതി വർദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും കയറ്റുമതിയിൽ 1.6ശതമാനം വർദ്ധന മാത്രമാണ് ഉണ്ടാകുക. ഇറക്കുമതി 5.6ശതമാനം കൂടി.
12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ചെങ്കിലും ആദായനികുതി ഇളവിൽ മഹാഭൂരിപക്ഷം ജനങ്ങളും വരുന്നില്ല. ആദായനികുതി സ്ലാബുകളിൽ കാര്യമായ വ്യത്യാസമില്ല. പഴയ നിരക്കു തന്നെയാണ്.
ആദായനികുതി റിബേറ്റ് മാത്രമാണ് നൽകിയത്. സ്ലാബുകൾ അതേപടി നിലനിർത്തി. മദ്ധ്യവർഗത്തെ സ്വാധീനിക്കാനെന്ന് പറയുമ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ കരുതലില്ല.
ചെലവാക്കൽ കൂട്ടാനുള്ള നടപടികളില്ല. സാമ്പത്തിക വ്യവസ്ഥയെ സ്വന്തം കാലിലാക്കാനുള്ള നടപടികളില്ല. കാർഷിക, ഉത്പാദന, സേവന മേഖലകളിൽ കൂടുതൽ നിക്ഷേപമില്ല. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കാപ്പക്സ് വായ്പ അതേപടി തുടരും.
അർഹമായത് ലഭിക്കാത്ത കണ്ടിഷനുകൾ. ബ്രാൻഡിംഗ് പ്രശ്നങ്ങൾ കാരണം കേരളത്തിന് പണം കിട്ടിയില്ല. രാജ്യത്ത് എല്ലായിടത്തും പദ്ധതികൾക്ക് ഒരേ വ്യവസ്ഥ കൊണ്ടുവരുന്നത് ഗുണകരമല്ല. സംസ്ഥാനങ്ങൾക്ക് അനുസരിച്ച് വ്യവസ്ഥ മാറണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.