രാജ്യത്ത് യാത്രാവിമാനങ്ങള്‍ക്കെതിരെയുള്ള ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു. പാരീസില്‍ നിന്ന് മുംബൈയിലേക്ക് പറന്ന വിസ്താര വിമാനത്തിനാണ് ഇത്തവണ ബോംബ് ഭീഷണി നേരിട്ടത്. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.
294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രയ്ക്കിടെ ഛര്‍ദ്ദി ഉണ്ടായാല്‍ ഉപയോഗിക്കാനായി വെച്ചിരുന്ന പേപ്പര്‍ബാഗിന് മുകളിൽ എഴുതിയ നിലയിലാണ് ബോംബ് ഭീഷണി കാണപ്പെട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഡിഗോയുടെ ഡല്‍ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്‍ക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു. വെള്ളിയാഴ്ച 177 യാത്രക്കാരുമായി ഡൽഹി -ശ്രീനഗര്‍ വിസ്താര വിമാനത്തിനുംബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതോടെ ശ്രീനഗറില്‍ വിമാനം ഇറക്കി യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ച് പരിശോധന നടത്തിയ ശേഷമാണ് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Read More: തുടർഭരണത്തിലേക്ക്; സിക്കിമിൽ എസ്കെഎം അരുണാചലിൽ ബിജെപിക്കും അധികാരം