മുംബൈ: ശ്രീലങ്കയ്‌ക്കെതിരേ സര്‍വാധിപത്യ ജയമാണ് ഇന്ത്യ കഴിഞ്ഞ ദിവസം നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങുന്ന താര നിരയാണ് ഇന്ത്യയെ മികച്ചതാക്കുന്നത്. കളിച്ച ഏഴു മത്സരങ്ങളിൽ ഏഴെണ്ണത്തിലും വിജയം നേടിയ ഇന്ത്യ സെമിയിലേക്കുള്ള എൻട്രി കൂടി നേടി. ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ (92), വിരാട് കോലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. വിരാട് കോലി സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും 12 റണ്‍സകലെ വീഴുകയായിരുന്നു. 11 ബൗണ്ടറികളാണ് കോലി അടിച്ചെടുത്തത്. നിലവില്‍ 48 സെഞ്ച്വറി നേടിയ കോലി രണ്ട് സെഞ്ച്വറിയകലെ സച്ചിന്റെ കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ്.
അതിനിടെ സൂപ്പർ താരം വിരാട് കോലിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. കോലി സെഞ്ച്വറിക്കായല്ല കിരീടം നേടുന്നതിനായാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്ന് നാസര്‍ ഹുസൈന്‍ വിമർശിച്ചു. ‘ലോകകപ്പ് കിരീടം നേടുകയെന്നതാണ് ഏറ്റവും പ്രധാന കാര്യം. കോലി 49 സെഞ്ച്വറിയോ 50 സെഞ്ച്വറിയോ 100 സെഞ്ച്വറിയോ നേടട്ടെ. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കിരീടം നേടുകയെന്നതിലാണ്. ഇന്ത്യ ഒരിക്കലും കോലിയുടെ 49 ഏകദിന സെഞ്ച്വറിയെക്കുറിച്ചല്ല ആലോചിക്കുന്നത്. കോലി ഇപ്പോള്‍ സെഞ്ച്വറിക്കരികെ സമ്മര്‍ദ്ദത്തിലാകുന്നു. സച്ചിന്‍ പറഞ്ഞത് ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്. 99, 100 സെഞ്ച്വറികള്‍ നേടുന്ന സമയത്ത് സച്ചിന്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലായിട്ടില്ല’. ‘എന്നാല്‍ 100ാം സെഞ്ച്വറിക്ക് മുമ്പ് റൂം ബോയി ഇന്ന് നിങ്ങള്‍ 100ാം സെഞ്ച്വറി നേടുമോയെന്ന് ചോദിച്ചപ്പോഴാണ് സച്ചിന്‍ അല്‍പ്പം പരുങ്ങിയത്. അത്തരമൊരു സാഹചര്യം ഏതൊരു താരത്തേയും സമ്മര്‍ദ്ദത്തിലാക്കിയേക്കാം. കോലി ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്’- നാസര്‍ ഹുസൈന്‍ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരേ കോലി സെഞ്ച്വറി നേടാന്‍ ആഗ്രഹിച്ചതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. മുംബൈയിലായിരുന്നു മത്സരം നടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും മത്സരം കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. സച്ചിനെ സാക്ഷിയാക്കി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നു കോലിക്ക് മുന്നിലുണ്ടായിരുന്നത്. മികച്ച തുടക്കം ലഭിച്ചതോടെ കോലി ഇത് ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നേടാനായില്ല. ഇതിന്റെ നിരാശ കോലി പ്രകടിപ്പിക്കുകയും ചെയ്തു.
Read Also: തോൽവിയറിയാതെ ഇന്ത്യ, നിലനിൽപ്പിനായി ലങ്ക; ഷമിക്കു മുന്നിൽ ശ്രീലങ്കൻ പടയ്ക്ക് അടിപതറുമോ