ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. റെയിൽവേയിലെ ഉദ്യോഗം രാജിവെച്ച ശേഷമാണ് ഇരുവരും കോൺഗ്രസിൽ അംഗത്വം എടുത്തത്.(Vinesh Phogat and Bajrang Punia joined Congress)
കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്. കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്ക് മുൻപേ ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ഇരുവരും ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കുമെന്ന കാര്യം ഉറപ്പിച്ചിരുന്നു.