ശില്‍പ കൃഷ്ണ
വിനായകന്റെ വിവാദങ്ങള്‍ക്ക് അറുതിയില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണവും തുടര്‍ന്ന് വിനായകന്‍ ഉണ്ടാക്കിയ കോലാഹലങ്ങളും ചെറുതല്ല. ആരാണ് ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ വിനായകന്റെ ചോദ്യങ്ങള്‍ കേരളക്കരയെ ഒന്നാകെ കത്തിച്ചു. തുടര്‍ന്ന് മലയാള സിനിമയില്‍ ഇനിയൊരു അവസരം തരില്ലെന്ന് താര സംഘടന ഭാരവാഹിയുടെ പരസ്യ പ്രഖ്യാപനവും. നിര്‍മാതാക്കളുടെ സംഘടനയുടെ പുതിയ ഭാരവാഹി ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്റെ സിനിമകളില്‍ നിന്ന് വിനായകനെ അകറ്റി നിര്‍ത്തി. വിനായകന്റെ രാഷ്ട്രീയത്തെ ചൊല്ലി ഉണ്ടായ സൈബര്‍ ആക്രമണങ്ങളും ഭീകരമായിരുന്നു .. താന്‍ സംഘടനാരാഷ്ട്രീയത്തില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളല്ല ന്നായിരുന്നു വിനായകന്റെ പക്ഷം . ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നു. തനിക്ക് പാര്‍ട്ടി അംഗത്വമില്ല . പറയേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പറയും . അത് എത്തേണ്ടടത്ത് എത്തിക്കഴിഞ്ഞാല്‍ അത് ഡിലീറ്റ് ചെയ്യും . അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാന്‍ പറ്റില്ലെന്ന വിനായകന്റെ നിലപാടില്‍ മാറ്റമില്ല ..
അടിമുടി വിനായകനെതിരെ സൈബര്‍ പോരാട്ടം മുറുകി . സിനിമാലോകത്തു തന്നെ വിനായകന്‍ മാറ്റി നിര്‍ത്തപ്പെട്ടു. ആ ഘട്ടത്തിലാണ് രജനിയെ വിറപ്പിച്ച പ്രതിനായകനായി വിനായകന്‍ എത്തുന്നത്. ജയിലറില്‍ രജനി നിറഞ്ഞ് നില്‍ക്കുമ്പോഴും രജനിയോട് ‘മനസ്സിലായോ സാറേ’ എന്ന് തിരിച്ച് ചോദിച്ച് വിനായകന്‍ ഉയര്‍ത്തുന്ന ആവേശം ചില്ലറയല്ല. നോട്ടത്തിലും ചിരിയിലും ശരീര ഭാഷയിലും നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റുന്നവനല്ല ഈ വിനായകന്‍ എന്നതടക്കമുള്ള ഓര്‍മപ്പെടുത്തലാണ് വിനായകന്റെ പ്രകടനം. വിനായകന്‍ നടനാകാന്‍ എത്തിയവനാണ്, ഇവിടെ തന്നെ കാണുമെന്ന പ്രഖ്യാപനം. വരാനിരിക്കുന്ന കാലം തന്റേതാണ്, അതിലേക്കുള്ള തുടക്കമാണ് വര്‍മ്മന്‍ എന്നാണ് തിയറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകനോട് നിശബ്ദമായി വിനായകന്‍ പറയുന്നത്. ആ പ്രഖ്യാപനത്തെ കൈയടിച്ച് സ്വീകരിക്കുന്ന പ്രേക്ഷകന്‍ വരാനിരിക്കുന്ന കാലം വിനായകന്റേത് കൂടിയാണെന്ന് മറുസാക്ഷ്യം നല്‍കുന്നുമുണ്ട്.
വിനായകന്റെ മാസ്സ് സിനിമയായി ജയിലര്‍ മാറുമ്പോള്‍ പ്രതിഫലത്തെ ചൊല്ലിയാണ് ബാക്കി പലരുടെയും ആശങ്ക. 35 ലക്ഷം രൂപയാണ് ജയിലറില്‍ വിനായകന്റെ പ്രതിഫലം എന്നായിരുന്നു പ്രചാരണം. എന്നാല്‍ അത് നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണെന്ന് വിനായകന്‍ തുറന്നടിച്ചു . 35 ലക്ഷമല്ല എനിക്ക് ലഭിച്ച പ്രതിഫലം, നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്, തന്നു. സെറ്റില്‍ എന്നെ പൊന്നുപോലെ നോക്കി. ഞാന്‍ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ എനിക്കു ലഭിച്ചുവെന്നും വിനായകന്‍ ഓര്‍മിപ്പിച്ചു .
സനാതന ധര്‍മത്തെ പറ്റിയുള്ള വിവാദം അലയടിക്കുമ്പോള്‍ വിനായകന്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. പെന്‍സിലാശാന്‍ എന്ന ഫേസ്ബുക്ക് പേജിലെ ‘കറുത്ത കൃഷ്ണനെ നീലയാക്കിയ സനാതനം’ എന്ന ഡിജിറ്റല്‍ ആര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ ഷെയര്‍ ചെയ്തതും ഏറെ വിവാദമായി. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നും മീ ടൂ എന്താണെന്ന് അറിയില്ലെന്നുമുള്ള വിനായകന്റെ പരാമര്‍ശവും ആ സമയത്തുണ്ടാക്കിയ നടുക്കം ചെറുതല്ല .. സിനിമാ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളെക്കുറിച്ചും വിനായകന്റെ വിമര്‍ശനം ഉണ്ടായിരുന്നു .
ഫാന്‍സുകാര്‍ വെറും പൊട്ടന്‍മാരാണെന്നും അവര്‍ വിചാരിച്ചാല്‍ ഇനി ഒന്നും നടക്കില്ലെന്നും വിനായകന്‍ തുറന്നടിച്ചു. സമകാലിക വിഷയങ്ങളില്‍ ഇത്ര ധൈര്യത്തോടെ അഭിപ്രായം പറയുന്ന ഒരു നടന്‍ വേറെ ഇല്ല . തനിക്ക് പറയാനും ചോദിക്കാനുള്ളതും ആരോടായാലും നട്ടെല്ല് നിവര്‍ത്തി നിന്ന് ചോദിക്കും. അത് തന്റെ കരിയറിന് ദോഷമാണോ എന്ന് പോലും ചിന്തിക്കില്ല . അത് കൊണ്ട് തന്നെ വിനായകനും വിവാദങ്ങളും തുടര്‍ന്നുകൊണ്ടിരിക്കും. മനസ്സിലായോ സാറേ..
Also Read:അലൻസിയർ വിളമ്പുന്ന അശ്ലീലത: വിമർശനങ്ങൾ നിറയുന്ന പുരസ്‌കാരവേദികൾ