സിനിമാതാരങ്ങളോടുള്ള സ്നേഹത്തോടൊപ്പം അവർ വാങ്ങിക്കുന്ന വാഹനങ്ങളെ കുറിച്ചറിയാനും ആരാധകർ താല്പര്യം കാണിക്കാറുണ്ട്. മലയാള നടന്മാരടക്കം കോടികൾ വിലമതിക്കുന്ന കാറുകൾ സ്വന്തം ഗ്യാരേജിലെത്തിക്കാൻ താരങ്ങൾക്ക് തിടുക്കമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവന്‍ കോടികള്‍ വിലയുള്ള മെഴ്‌സിഡീസ് മെയ്ബ സമ്മാനിച്ചത്. എന്നാൽ മെയ്‌ബയുടെ ഏത് മോഡൽ ആണെന്നത് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
ഇന്ത്യയിലെ സെലിബ്രിറ്റികളുടെ ഇഷ്ടചോയിസ് ആയ മെഴ്‌സിഡീസ് മെയ്ബ ജി.എല്‍.എസ്.600 എസ്.യു.വിയാണ് നയന്‍താര ഭർത്താവിനായി വാങ്ങിയത്. ഇന്ത്യന്‍ നിരത്തുകളില്‍ രണ്ട് വര്‍ഷത്തെ പാരമ്പര്യം മാത്രമാണ് ഈ മെയ്ബ മോഡലിനുള്ളത്. ഏകദേശം മൂന്ന് കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിച്ചാണ് മെയ്ബ ജി.എല്‍.എസ്.600 നിരത്തുകളില്‍ എത്തിക്കുന്നത്.
കാഴ്ചയില്‍ മസ്‌കുലര്‍ ഭാവമുള്ള വാഹനമാണ് മെയ്ബാ ജി.എല്‍.എസ് 600. മെയ്ബ മോഡലുകളുടെ സിഗ്‌നേച്ചറായ ക്രോമിയത്തില്‍ പൊതിഞ്ഞ വലിയ വെര്‍ട്ടിക്കിള്‍ ഗ്രില്ല്, സ്‌കിഡ് പ്ലേറ്റും ക്രോമിയം ആക്‌സെന്റുകളുമുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, 22 ഇഞ്ച് അലോയി വീല്‍, സി-പില്ലറില്‍ സ്ഥാനം പിടിച്ചിട്ടുള്ള മെയ്ബ ലോഗോ, എല്‍.ഇ.ഡി.ലൈറ്റുകളും മറ്റ് ബാഡ്ജിങ്ങും നല്‍കി ലളിതമായി ഒരുക്കിയിട്ടുള്ള പിന്‍വശം എന്നിവയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.
പുറമെ നല്‍കിയിട്ടുള്ള സ്റ്റൈലിനെ കടത്തിവെട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന ആഡംബരമാണ് വാഹനത്തിനു ഉള്ളിൽ. 4-5 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഇത് എത്തുന്നുണ്ട്. സ്ലൈഡ് ചെയ്യാനും ടില്‍റ്റ് ചെയ്യാനും സാധിക്കുന്ന പനോരമിക് സണ്‍റൂഫ്, ആള്‍ട്ര കംഫോര്‍ട്ടബിള്‍ ബ്ലോസ്റ്റേഡ് വെന്റിലേറ്റഡ്, മസാജിങ് സീറ്റുകള്‍, പീന്‍ സീറ്റ് യാത്രക്കാര്‍ക്കാര്‍ ഡിസ്പ്ലേ സ്‌ക്രീനുകള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ആഡംബര സംവിധാനങ്ങള്‍ ഉള്ളിലുണ്ട്.
4.0 ലിറ്റര്‍ വി 8 ബൈ-ടര്‍ബോ എന്‍ജിനാണ് മെഴ്‌സിഡസ് മെയ്ബാ ജി.എല്‍.എസ്.600-ല്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 549 ബി.എച്ച്.പി. പവറും 730 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9-ജി ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള 48 വോള്‍ട്ട് EQ ബൂസ്റ്റ് സിസ്റ്റം ആവശ്യമുള്ള സമയങ്ങളില്‍ 250 എന്‍.എം. അധിക ടോര്‍ക്കും 21 ബി.എച്ച്.പി. പവറും നല്‍കും. 4.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്.
മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍, ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങ്, കൃതി സനോണ്‍, അര്‍ജുന്‍ കപൂര്‍, തപ്സി പന്നു, നീതു സിങ്ങ്, തെലുങ്ക് നടന്‍ രാം ചരണ്‍ തുടങ്ങിയ താരങ്ങൾ ഇതിനോടകം തന്നെ ജി.എല്‍.എസ് 600 ഗ്യാരേജുകളിൽ എത്തിച്ചവരാണ്.
Read Also: ഈ കിടിലൻ ഓഫറിൽ ഹോണ്ട ബൈക്ക് എങ്ങനെ വേണ്ടെന്നു വെക്കും