വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി
കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി. വിജിൽ തിരോധനക്കേസിൽ നിർണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തിരച്ചിലില്‍ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥി കണ്ടെത്തിയിട്ടുണ്ട്.
ആറുവര്‍ഷം മുൻപാണ് വിജിലിനെ കാണാതായത്. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ ഷൂ ഫൊറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
2019 മാര്‍ച്ച് 24-നു ആണ് വിജിലിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിജിലിനെ ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.
ലഹരി ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സരോവരത്തെ കുഴിച്ചുമൂടിയെന്നായിരുന്നു മൊഴി നൽകിയത്. കേസിലെ പ്രതികളായ വിജിലിന്റെ സുഹൃത്തുക്കളുമായ കെ.കെ. നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചതുപ്പില്‍ പരിശോധന നടത്തുന്നത്.
കേസില്‍ അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കാനിരിക്കെയാണ് ഇപ്പോൾ അസ്ഥി കണ്ടെത്തിയത്.
അമിതമായി ലഹരിയുപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും ആണ് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയത്. കേസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
മലയാളി ജവാൻ മരിച്ച നിലയിൽ
തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിലായിരുന്നു ബാലു.
അതേസമയം മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
വാഹനാപകടത്തിൽ കായികതാരത്തിന് ദാരുണാന്ത്യം
ആലപ്പുഴ: കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ കായികതാരം മരിച്ചു. ആലപ്പുഴ കലവൂരിലാണ് അപകടം ഉണ്ടായത്. ആലപ്പുഴ സ്വദേശിനി ലക്ഷ്മിലാൽ (18)ആണ് മരിച്ചത്.
സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്. സ്കൂട്ടറും ട്രെയിലറും കൂട്ടിയിടിക്കുകയായിരുന്നു. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം നടന്നത്.
ലക്ഷ്മിയും സുഹൃത്തായ വിനീതയും കായിക പരിശീലനത്തിനായി മാരാരിക്കുളം തെക്ക് പ്രീതികുളങ്ങര സ്‌റ്റേഡിയത്തിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന വിനീതയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
ആലപ്പുഴ നഗരസഭ പൂന്തോപ്പ് സ്വദേശി വള്ളിക്കാട് മണിലാലിന്റെ മകളാണ് മരിച്ച ലക്ഷ്മി ലാൽ.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Summary: Westhill native K.T. Vigil’s missing case takes a crucial turn as bones suspected to be his were recovered from a marsh near Sarovaram.