സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമാണ്, ഐക്യനീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ ∙ എസ്.എൻ.ഡി.പി–എൻ.എസ്.എസ് ഐക്യനീക്കത്തിൽ ഉണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ ജി. സുകുമാരൻ നായരെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി.
നായർ സമുദായം ഈഴവർക്കു സഹോദര തുല്യമാണെന്നും, സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനുമായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ചേർത്തല എസ്.എൻ കോളേജിൽ നടന്ന എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സമുദായങ്ങൾ തമ്മിലുള്ള ഐക്യശ്രമം വെറും തിരഞ്ഞെടുപ്പ് തന്ത്രമല്ലെന്നും, ‘നായാടി മുതൽ നസ്രാണി വരെ’ ഉൾപ്പെടുന്ന വിശാലമായ ഐക്യമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധികളിൽ തന്നെ കരുത്തനാക്കിയ വ്യക്തിയാണ് സുകുമാരൻ നായരെന്നും, തന്റെ മകനെ സ്വന്തം മകനെപ്പോലെ അദ്ദേഹം കാണുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
സംഘടനയ്ക്കുള്ളിലെ ഭിന്നാഭിപ്രായങ്ങൾ മൂലമായിരിക്കാം സുകുമാരൻ നായർ മുൻ നിലപാടിൽ മാറ്റം വരുത്തേണ്ടി വന്നതെന്നും, അതിന്റെ പേരിൽ എൻ.എസ്.എസിനെയോ സുകുമാരൻ നായരെയോ തള്ളിപ്പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ് ഈഴവ സമുദായത്തെ വഞ്ചിച്ച പാർട്ടിയാണെന്ന നിലപാട് വീണ്ടും ആവർത്തിച്ച വെള്ളാപ്പള്ളി, തന്റെ എതിർപ്പ് ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടാണെന്നും, മുസ്ലീം സമുദായത്തോടല്ലെന്നും വ്യക്തമാക്കി.
തന്നെ മുസ്ലീം വിരോധിയായി ചിത്രീകരിച്ച് തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും, ഈഴവ സമുദായത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളെ തുറന്നുകാട്ടുക തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
വിമർശനങ്ങൾ ഉണ്ടായാലും സമുദായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
English Summary
SNDP Yogam General Secretary Vellappally Natesan came out in support of NSS General Secretary G Sukumaran Nair amid setbacks in the SNDP–NSS unity initiative. Speaking at an SN Trust board meeting in Cherthala, Vellappally said that the Nair community is like brothers to the Ezhavas and described Sukumaran Nair as an honest and dignified individual. He stressed that the unity move was not an electoral strategy but aimed at broader social harmony, while reiterating criticism of the Muslim League as a political party, not the Muslim community.
vellappally-natesan-supports-g-sukumaran-nair-sndp-nss-unity
Vellappally Natesan, G Sukumaran Nair, SNDP Yogam, NSS, Community unity, Kerala politics, Ezhava community, Nair community, Muslim League, Social organisations









