വേടൻ സ്ഥിരം കുറ്റവാളിയെന്ന് പരാതിക്കാരി; മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. വേടനെതിരെ വേറെയും ലൈംഗികാതിക്രമ കേസുകളും 2 പരാതികളും പുതുതായി ഉയർന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് പരാതിക്കാരിയെ കേസിൽ കക്ഷി ചേരാൻ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അനുവദിച്ചിട്ടുണ്ട്.
അതേസമയം വേടന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. നേരത്തെ, വേടൻ വിദേശത്തേക്ക് കടക്കുന്നതു തടയാനായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതിയിൽ പറയുന്നത്.
എന്നാൽ പരാതിക്കാരിയുടെ ബലാത്സംഗ ആരോപണം നിഷേധിച്ച വേടൻ, തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമമെന്നും കുറെ നാളുകളായി തനിക്കും മാനേജർക്കും ഭീഷണി കോളുകൾ വരുന്നുണ്ടെന്നും നിരവധി സ്ത്രീകള്‍ പരാതി നൽകുമെന്നുമായിരുന്നു തനിക്കെതിരെ വന്ന ഭീഷണിയെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ളത്.
കൂടാതെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നത് നിലനിൽക്കില്ലെന്നും ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നു എന്നും വേടൻ ജാമ്യാപേക്ഷയിൽ പറയുന്നു. തുടർന്ന് കോടതി പൊലീസിന്റെ റിപ്പോർട്ട് തേടുകയായിരുന്നു. പൊലീസ് റിപ്പോർട്ടും കോടതി നാളെ പരിഗണിച്ചേക്കും.
Summary: The complainant informed the Kerala High Court that rapper Vedan (Hiran Das Murali), accused in a rape case and currently absconding, is a habitual offender. Vedan’s anticipatory bail plea will be considered again tomorrow.