ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി രാജസ്ഥാൻ റോയൽസിന്റെ കൊച്ചു താരം വൈഭവ് സൂര്യവംശി.
മൂന്നു സിക്സറുകളും രണ്ടു ഫോറുകളും അടക്കം വൈഭവ് ബൗണ്ടറി കടത്തി. കളിയുടെ ഒൻപതാം ഓവറിൽ എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണു താരത്തെ പുറത്താക്കുന്നത്.
പന്തിന്റെ മിന്നൽ സ്റ്റംപിങ്ങിൽ വൈഭവിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
സങ്കടപ്പെട്ട് നിൽക്കുകയായിരുന്ന ആ കൊച്ചുപയ്യനെ ടീം അംഗങ്ങൾ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
എന്തൊരു ഗംഭീര അരങ്ങേറ്റമായിരുന്നു വൈഭവിൻ്റേത്. അവൻ ഒരു വിജയം അർഹിച്ചിരുന്നില്ലേ? 20 പന്തുകൾ നേരിട്ട വൈഭവ് 34 റൺസെടുത്താണു പുറത്തായത്.
ബാറ്റുമേന്തി മൈതാനത്തേക്ക് വൈഭവ് ഇറങ്ങിയപ്പോൾ 36 വർഷങ്ങൾക്കുമുമ്പ് സച്ചിൻ രമേശ് തെൻഡുൽക്കർ എന്ന കൊച്ചു പയ്യൻ ഗ്രൗണ്ടിലേക്ക് ഇറങ്ങിയ ആ നിമിഷമാണ് ഏവരും ഓർത്തു പോയത്.
സച്ചിനോട് വസീം അക്രം ഒരു ചോദ്യം ചോദിച്ചിരുന്നു- ”അമ്മയുടെ സമ്മതം വാങ്ങിയിട്ടാണോ നീ ക്രിക്കറ്റ് കളിക്കാൻ വന്നിരിക്കുന്നത്…!!?”
അക്രം,വഖാർ യൂനീസ്,ഇമ്രാൻ ഖാൻ തുടങ്ങിയ അതിമാരക പേസ് ബോളർമാർക്കെതിരെ പതിനാറാം വയസ്സിലാണ് സച്ചിൻ അരങ്ങേറ്റം കുറിച്ചത്. അന്ന് സച്ചിനെ കണ്ടാൽ 14 വയസ്സ് മാത്രമേ തോന്നിക്കുമായിരുന്നുളളൂ എന്ന് അക്രം പിന്നീട് പറഞ്ഞിട്ടുണ്ട്!
ആദ്യ മാച്ച് കളിക്കാനിറങ്ങിയ സച്ചിനെ കണ്ടപ്പോൾ വഖാർ യൂനീസ് സഹതാരങ്ങളോട് പറഞ്ഞിരുന്നു- ”ഈ കൊച്ചു ചെറുക്കന് ഏറുകൊള്ളാനുള്ള എല്ലാവിധ സാദ്ധ്യതകളും കാണുന്നുണ്ട്.’
വഖാറിൻ്റെ തോന്നൽ പോലെ തന്നെ ക്രിക്കറ്റ് ബോൾ സച്ചിൻ്റെ മുഖത്ത് പതിച്ചു. രക്തം പൊടിഞ്ഞു. പക്ഷേ അവൻ പിൻവാങ്ങാതെ ബാറ്റിങ്ങ് തുടർന്നു. നല്ലൊരു ഇന്നിങ്സ് കളിച്ചു. ബാക്കിയെല്ലാം ചരിത്രമാണ്!
ജയ്പൂരിലെ സവായ് മാൻസിങ്ങ് സ്റ്റേഡിയത്തിൽ നടന്നതും അതിൻ്റെ തനിയാവർത്തനമാണ്. വെറും 14 വയസ്സ് മാത്രം പ്രായമുള്ള വെെഭവ് രാജസ്ഥാനുവേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് കണ്ടപ്പോൾ ചിലരെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടാവും.
”ഇവൻ അമ്മയുടെ അനുവാദം വാങ്ങിയിട്ടാണോ ഗ്രൗണ്ടിൽ ഇറങ്ങിയതെന്ന്. ഐ.പി.എൽ പോലുള്ള വലിയൊരു വേദിയെ ഈ ബാലൻ അതിജീവിക്കുമോ എന്ന്.
എല്ലാ സംശയങ്ങളും ഒറ്റ ബോൾ കൊണ്ട് അവസാനിച്ചു. വൈഭവിനെതിരെയുള്ള ശാർദ്ദുൽ താക്കൂറിൻ്റെ ആദ്യ ഡെലിവെറി എക്സ്ട്രാ കവറിനുമുകളിലൂടെ പറന്നപ്പോൾ.
ഇംപാക്ട് പ്ലേയറായാണ് വൈഭവ് അരങ്ങേറ്റ മത്സരത്തിനിറങ്ങിയത്. പേസർ സന്ദീപ് ശർമയെ പിൻവലിച്ച ശേഷമായിരുന്നു വൈഭവിക്കറെ വരവ്. സഞ്ജു സാംസൺ കളിക്കാത്തതിനാൽ രാജസ്ഥാൻ ഓപ്പണറുടെ റോൾ തന്നെ വൈഭവിനു ലഭിച്ചു.
ലക്നൗവിനെതിരെ വീണുകിട്ടിയ അവസരം വൈഭവ് മുതലാക്കുകയും ചെയ്തു. സഞ്ജു ടീമിലേക്കു തിരിച്ചുവരുമ്പോൾ ഇംപാക്ട് സബ്ബായെങ്കിലും വൈഭവ് വീണ്ടും കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഷെയ്ൻ വാട്സൻ കമൻ്ററി ബോക്സിൽ ഇരുന്ന് ആവേശപൂർവ്വം പറഞ്ഞത് ഇങ്ങനാ യിരുന്നു.
”ക്രിക്കറ്റിലെ ഏറ്റവും പ്രയാസമേറിയ ഹിറ്റാണ് ലോഫ്റ്റഡ് കവർഡ്രൈവ്. എനിക്ക് അത് ശരിയായി പഠിച്ചെടുക്കാൻ 34 വർഷങ്ങൾ വേണ്ടിവന്നു. അപ്പോഴാണ് ഈ കുരുന്നുപയ്യൻ കരിയറിലെ ആദ്യ പന്തിൽ തന്നെ ആ ഷോട്ട് പായിക്കുന്നത്! അവിശ്വസനീയം.
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന മെഗാതാരലേലമാണ് വൈഭവിനെ രാജസ്ഥാൻ റാഞ്ചിയത്. 1.1 കോടി രൂപ നൽകി റോയൽസ് വൈഭവിനെ സ്വന്തമാക്കി. ഐപിഎൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അതോടെ വൈഭവിന്റെ പേരിലായി.
വൈഭവിൻ്റെ രണ്ടാമത്തെ സിക്സർ പറന്നിറങ്ങിയത് രാജസ്ഥാൻ്റെ ഡഗ്-ഔട്ടിലാണ്. ആവേശ് ഖാൻ പന്തുമായി ഓടിയെത്തി. സ്പീഡ് ഗൺ 140 കിലോമീറ്റർ വേഗത എന്ന് രേഖപ്പെടുത്തി. ആ ബോൾ ആവേശിൻ്റെ തലയ്ക്കുമുകളിലൂടെ അദൃശ്യമായി. ഒരു ഫാസ്റ്റ് ബോളറുടെ ഈഗോയെ ഏറ്റവും കൂടുതൽ മുറിവേൽപ്പിക്കുന്ന ഷോട്ട്. വീണ്ടും സിക്സർ.
അതൊരു പ്രസ്താവനയായിരുന്നു-”നിങ്ങൾ എന്നെ വിശ്വസിച്ചു. ഞാൻ അതിനുള്ള പ്രതിഫലം ഇരട്ടിയായി തിരിച്ചുതരുന്നു എന്ന പ്രസ്താവന.
പിന്നീട് രവി ബിഷ്ണോയിയുടെ ഊഴമായിരുന്നു. വൈഭവിനെ ഒന്ന് അമ്പരപ്പിക്കാനാണ് തുനിഞ്ഞത്. സ്പിന്നറായ ബിഷ്ണോയിയുടെ ആദ്യ പന്ത് 104 കിലോമീറ്റർ വേഗതയിലാണ് എത്തിയത്! പക്ഷേ അടുത്ത പന്ത് ഗാലറിയിലേക്ക് പറന്നു.
ഫാസ്റ്റ് ബോളർമാരെ കടന്നാക്രമിച്ച വൈഭവ് സ്പിന്നർമാർക്ക് ആദരവ് നൽകി. ദിഗ്വേഷ് റാഠിയിൽനിന്ന് ഒരു മോശം ബോൾ ലഭിച്ചപ്പോൾ അതിനെ ഗാലറി കടത്തുകയും ചെയ്തു.
അപ്രതീക്ഷിതമായി പുറത്താവേണ്ടിവന്നപ്പോൾ വൈഭവിൽ നിന്ന് പൊടിഞ്ഞ കണ്ണുനീർ…ഗെയിമിനോടുള്ള അവൻ്റെ ആത്മാർത്ഥതയുടെ അടയാളമാണ് അത്…!!
സൈമൺ കാറ്റിച്ച് അഭിപ്രായപ്പെട്ടു. ക്രിസ് ഗെയ്ൽ യൂണിവേഴ്സ് ബോസ് എന്നാണ് അറിയപ്പെടുന്നത്. വൈഭവിനെ നമുക്ക് ബേബി ബോസ് എന്ന് വിളിക്കാം.’
മകനെ ഒരു ക്രിക്കറ്റ് താരമാക്കുന്നതിന് വേണ്ടി സ്വന്തം കൃഷിഭൂമി വൈഭവിൻ്റെ അച്ഛന് വിൽക്കേണ്ടിവന്നിരുന്നു. ഇനി ആ നഷ്ടത്തെക്കുറിച്ച് ആലോചിച്ച് വൈഭവിൻ്റെ പിതാവ് ദുഃഖിക്കുകയില്ല.