ആലപ്പുഴ: ‘ദാ ഇതു കണ്ടോ?’- അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. കാലുയർത്തി കാട്ടിത്തരുന്നത് ലോക്കപ്പിലിട്ട് പൊലീസുകാർ ബയണറ്റ് കുത്തിയിറക്കിയതിന്‍റെ പാടുകളാണ്.
പുന്നപ്ര വയലാർ സമരത്തിനെ തുടർന്ന് പാർട്ടി നിർദേശ പ്രകാരം പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞപ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്. ഒളിസങ്കേതത്തിൽ നിന്ന് ഒന്നുരണ്ട് പേരുകൾ തപ്പിയെടുത്തു. അതേ ചൊല്ലിയായിരുന്നു മർദനം. ചൂരൽ കൊണ്ട് കാൽവെള്ളയിൽ അടിയോടടി.
ലോക്കപ്പിൽ കിടത്തി അതിന്‍റെ ഗ്രില്ലിലെ വിടവിലൂടെ കാൽ പുറത്തേയ്ക്ക് വലിച്ചെടുത്ത് മർദിച്ചു. എന്നിട്ടും ഒന്നും പറയുന്നില്ലെന്ന് കണ്ട് ക്രുദ്ധനായ പൊലീസുകരിലൊരാൾ ബയണറ്റ് കാലിൽ കുത്തിയിറക്കി. രക്തം ചിതറി. വി.എസ് ബോധരഹിതനായി.
പൊലീസ് നോക്കുമ്പോൾ ശ്വാസമില്ല. ആൾ മരിച്ചു എന്നു തന്നെ കരുതി. ഒളിവിലായിരുന്ന ആളെ പൊലീസ് പിടിച്ചതിന് രേഖകളൊന്നുമില്ല. അതിനാൽ എത്രയും പെട്ടെന്ന് ‘മൃതദേഹം’ മറവുചെയ്യാനായി ശ്രമം. അതിന് കുഴിയടുക്കാനും മറ്റുമായി ലോക്കപ്പിൽ മോഷണക്കേസിൽ പിടിയിലായിരുന്ന കോലപ്പനെയും കൂട്ടി.
കള്ളൻ കോലപ്പനാണ് ‘ജഡം ‘എടുത്ത് പൊലീസ് ജീപ്പിലെ പിൻസീറ്റിന്‍റെ തറയിൽ കിടത്തിയത്. അവിടത്തെ കാട്ടിൽ കൊണ്ടുപോയി കത്തിച്ചു കളയുകയായിരുന്നു ഉദ്ദേശ്യം.
കാട്ടിനടുത്തു നിർത്തി ജഡം എടുക്കാൻ നേരം കോലപ്പനാണ് ശ്വാസോച്ഛ്വാസമുണ്ടെന്ന് കണ്ടത്. പിന്നീട്, കോലപ്പന്‍റെ നിർബന്ധ പ്രകാരം വിഎസിനെ പാലാ സർക്കാർ ആശുപത്രിയിലെത്തിച്ച് പൊലീസ് കടന്നുകളയുകയായിരുന്നു.
വസൂരിക്ക് ചികിത്സയില്ലാതിരുന്ന കാലം. അക്കാമ്മയ്ക്ക് വസൂരി വന്നു. ഈ രോഗം പിടിപെട്ടവരാരും പിന്നെ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. വസൂരി പിടിപെടുന്നവരെ ദൂരെ ഏകാന്ത ജീവിതത്തിന് വിധിക്കുന്നു.
വസൂരി വന്ന അമ്മയ്ക്ക് മക്കളെ അവസാനമായി കാണണമെന്ന് മോഹം. വീടിനടുത്ത തോട്ടുവക്കിലെ ഓലപ്പുരയിലായിരുന്നു അക്കാമ്മ കഴിഞ്ഞിരുന്നത്.
ശങ്കരൻ മക്കളെ കൊണ്ടുവന്ന് കാണാവുന്ന അകലത്ത് നിർത്തി. കണ്ണീർ വാർത്ത് ആ അമ്മ ഓലക്കീറ് വകഞ്ഞുമാറ്റി മക്കളെ കാണുകയാണ്. ‘ചെറ്റക്കീറിന്‍റെ വിടവിലൂടെ അമ്മ കൈ കാട്ടി വിളിച്ചിരുന്നു എന്നു തോന്നുന്നു. അമ്മ അന്ന് മരിച്ചു’ നാലാം വയസിലെ ആ കാഴ്ചയെക്കുറിച്ച് എൺപതാം പിറന്നാളിനോടനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ വി.എസ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഈ രണ്ടു രംഗങ്ങളും ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ, വിശ്വസിക്കാൻ പ്രയാസമായിരിക്കും. അവിശ്വസനീയമെന്ന് ഇന്ന് തോന്നിക്കുന്ന കഠിന യാതനകളുടെ പാതകൾ താണ്ടിയാണ് വി.എസ് ജനനായകനായത്.
നാലാം വയസിൽ അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചതോടെ അച്യുതാനന്ദന് ഏഴാം ക്ലാസിൽ സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്നു. എൽഡിഎഫ് കൺവീനറായിരിക്കേ കുറവൻകോണത്ത് വാടക വീട്ടിൽ രാത്രി 9 മണിക്കുശേഷം വി.എസ് ആവശ്യപ്പെട്ടപ്പോൾ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഇന്നും മനസിലുണ്ട്.
അദേഹം ഇംഗ്ലിഷ് ‘ഇന്ത്യാ ടുഡേ’ വായിക്കുകയാണ്. സമീപത്ത് ഒരു ഇംഗ്ലിഷ്- മലയാളം നിഘണ്ടു. ഒരു പൊതുയോഗ നോട്ടീസ് നെടുകെ രണ്ടായി മടക്കി അതിന്‍റെ അച്ചടിക്കാത്ത പിൻഭാഗത്ത് ലേഖനത്തിലെ അറിയാത്ത വാക്കുകൾ എഴുതുന്നു. നിഘണ്ടു നോക്കി അതിന്‍റെ മലയാളം അർഥം എഴുതി അത് ആ സന്ദർഭത്തിൽ ചേരുന്നോ എന്ന് പരിശോധിക്കുകയാണ്..!
അച്യുതാനന്ദൻ 17-ാം വയസിൽ ആസ്പിൻവാൾ കയർ ഫാക്റ്ററിയിൽ ജോലിക്കു കയറി. അക്കാലത്ത് ടി.വി. തോമസ് പ്രസിഡന്‍റും ആർ. സുഗതൻ സെക്രട്ടറിയുമായ കയർ ഫാക്റ്ററി തൊഴിലാളി യൂണിയന്‍റെ സജീവ പ്രവർത്തകനായി. പി. കൃഷ്ണപിള്ള നേതൃത്വം നൽകിയ ഒരുമാസം നീണ്ട പഠന ക്ലാസിലെ ഏറ്റവും സജീവമായ അംഗം വി.എസ് ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ 18 കഴിഞ്ഞവർക്കേ അംഗത്വം നൽകാവൂ എന്ന തീരുമാനം തിരുത്താൻ സാക്ഷാൽ കൃഷ്ണപിള്ള ഇടപെട്ടു. അങ്ങനെ വി.എസ് എന്ന 17കാരന് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ആദ്യമായി അധികാരത്തിലെത്തുമ്പോൾ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു വി.എസ്. 1958ൽ ദേവികുളം ഉപതെരഞ്ഞെടുപ്പിന്‍റെ ചുമതല ഉണ്ടായിരുന്നതിനാൽ വി.എസ് പങ്കെടുക്കാത്ത പാർട്ടി കോൺഗ്രസായിരുന്നു 35-ാം വയസിൽ കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്.
പാർട്ടി സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് ജനകീയ ഇടപെടലിനെ തുടർന്ന് തിരുത്തി വി.എസിനെ മത്സരിപ്പിക്കുകയും അദേഹം പിന്നീട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയത് സിപിഎമ്മിൽ പകരം വയ്ക്കാനില്ലാത്ത ചരിത്രം.
വി.എസിന്‍റെ ‘വി’ എന്താണ് സൂചിപ്പിക്കുന്നതെന്ന് പലർക്കും സംശയമുണ്ട്. അദേഹത്തിന്‍റെ കുടുംബവീടാണ് വെന്തലത്തറ. ജ്യേഷ്ഠൻ ഗംഗാധരന്‍റെ പക്കൽ നിന്ന് വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് വി.എസ് പണിത വീടാണ് ‘വേലിക്കകത്ത്’.
അദേഹം ഇപ്പോഴുള്ള, തിരുവനന്തപുരത്ത് ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളെജ് ജംക്‌ഷനിലെ മകന്‍ ഡോ. വി.എ. അരുൺകുമാറിന്‍റെ വീടിന്‍റെ പേരും ‘വേലിക്കകത്ത്’ എന്നാണ്. മകൾ ഡോ. വി.എ. ആശയും മരുമകൻ ഡോ. തങ്കരാജും മക്കളും താമസിക്കുന്നത് ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ തേക്കിൻമൂട്ടിലാണ്.
ENGLISH SUMMARY
V.S. Achuthanandan, a founding leader of the CPI(M), held several prominent positions including Chief Minister, Opposition Leader, Member of the Legislative Assembly, Chairman of the Administrative Reforms Commission, Politburo Member, and State Secretary of the party.