ഉത്തരാഖണ്ഡ്: നിർമാണത്തിനിടെ തുരങ്കം തകർന്നു വീണിട്ട് 24 മണിക്കൂർ പിന്നിടുമ്പോഴും കുടുങ്ങി കിടക്കുന്ന 40 തൊഴിലാളികളെ ഇതുവരെ പുറത്ത് എത്തിക്കാനായിട്ടില്ല. നിലവിൽ തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് അധികൃതർ നൽകുന്ന വിവരം. തുരങ്കത്തിൽ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനിലൂടെയാണ് ഓക്സിജൻ വിതരണം ചെയ്യുന്നത്. ഈ പൈപ്പ് ലൈൻ വഴി തൊഴിലാളികൾക്ക് ഭക്ഷണ പൊതികളും നൽകുന്നുവെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണെന്നും അവരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും ഉത്തരകാശിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ വ്യക്തമാക്കി.
തുരങ്കത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 200 മീറ്ററോളം നീളമുള്ള സ്ലാബ് ഉൾപ്പടെ മാറ്റിയാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം. തുരങ്കത്തിന്‍റെ തകർന്ന ഭാഗം പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിച്ചേരാനുള്ള ദൂരം ഏകദേശം 60 മീറ്ററാണ്. എക്‌സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അപകട സ്ഥലം സന്ദർശിക്കുകയാണ്.
ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ഉത്തരഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് വീഴുകയായിരുന്നു. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ നീളമുള്ള ഭാഗമാണ് തകർന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്ന തുരങ്കം, ചാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണ പ്രവർത്തനം.
Read Also: 13.11.2023. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ