റെയിൽവെയിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയിൽ ബജറ്റിൽ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നൽകുന്നതിനായി 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കേരളത്തിന് റെയിൽ വികസനത്തിനായി 3042 കോടി രൂപ നീക്കിവെച്ചെന്നും അദ്ദേഹം പറഞ്ഞു.
100 കിലോമീറ്റർ ദൂരത്തിൽ നമോ ഭാരത് ട്രെയിനുകളുടെ ഷട്ടിൽ സർവീസാണ് റെയിൽവെയിൽ വരുന്ന പ്രധാന മാറ്റം. രാജ്യത്താകെ ഇത്തരത്തിൽ 50 ട്രെയിനുകൾ കൊണ്ടുവരും. 200 പുതിയ വന്ദേ ഭാരത് ട്രെയിനുകളും 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂർ – നഞ്ചൻകോട് പദ്ധതി നടത്തിപ്പിലാണ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തുമെന്നും, കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും, ശബരി റെയിൽവേ പാത യുടെ കാര്യത്തിൽ ത്രികക്ഷി കരാറിൽ ഏർപെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാൽ സംസ്ഥാന സർക്കാരിൻ്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.