പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി
പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപമുള്ള തളികക്കല്ല് ആദിവാസി ഉന്നതിയിൽ ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
തളികക്കല്ല് കോളനിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ രാഹുലിനെ പ്രധാന പ്രതിയായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതി ഒളിവിലായതിനാൽ ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
രാജാമണിയുടെ മകളുമായി രാഹുലിന് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് കുടുംബം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഈ വിഷയത്തെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തെയും വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ പ്രതികാരമായാണ് രാജാമണിയെ ആക്രമിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
മകരവിളക്കുമായി ബന്ധപ്പെട്ട് കോളനിയിൽ പ്രത്യേക പൂജ നടക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.
പൂജയ്ക്കിടയിൽ വെട്ടുകത്തിയുമായി സ്ഥലത്തെത്തിയ രാഹുൽ രാജാമണിയെ ആക്രമിക്കുകയും കഴുത്തിന് വെട്ടുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.
ആക്രമണം അതീവ ക്രൂരമായിരുന്നുവെന്നും രാജാമണി സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചുവെന്നുമാണ് വിവരം. രാത്രി ഒമ്പതുമണിയോടെയാണ് ആക്രമണം നടന്നത്.
സംഭവമറിഞ്ഞ ഉടൻ മംഗലംഡാം പൊലീസ് സ്ഥലത്തെത്തി പ്രദേശം നിയന്ത്രണത്തിലാക്കി. ഫോറൻസിക് പരിശോധനകളും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധം കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്.
സംഭവത്തെ തുടർന്ന് തളികക്കല്ല് കോളനിയിൽ വലിയ സംഘർഷാവസ്ഥയും ഭീതിയും നിലനിൽക്കുകയാണ്. പ്രദേശത്ത് അധിക പൊലീസ് സേനയെ വിന്യസിച്ചതായി അധികൃതർ അറിയിച്ചു.
കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ്, പ്രതിയെ ഉടൻ പിടികൂടുമെന്ന് അറിയിച്ചു.









