എറണാകുളത്ത് വെച്ച് കുടുങ്ങി; ട്രെയിനിൽ കുട്ടിയോട് മോശമായി പെരുമാറിയ ബെഡ്‌റോൾ ജീവനക്കാരൻ പിടിയിൽ
ഓഖ–എറണാകുളം എക്സ്പ്രസിൽ യാത്രക്കിടെ 10 വയസ്സുകാരിയോട് ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം. കുട്ടിയുടെ പരാതിയെ തുടർന്ന് ബെഡ്‌റോൾ ജീവനക്കാരനെ പൊലീസ് പിടികൂടി; പോക്സോ നിയമപ്രകാരം കേസ്.
ട്രെയിൻ യാത്രയ്ക്കിടെ കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ ബെഡ്‌റോൾ ജീവനക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാൻപൂർ സ്വദേശി നൻഹക്കു (30)വിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓഖ–എറണാകുളം എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ കുട്ടിയുടെ അമ്മ ഇറങ്ങിയ സമയത്ത് പ്രതി കുട്ടിയുടെ അടുത്തേക്ക് എത്തി മോശമായി പെരുമാറിയെന്നാണ് പരാതി.
അമ്മ തിരികെ വന്നതിന് പിന്നാലെ കുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തി. തുടർന്ന് കോഴിക്കോട് റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം നടത്തിയ പരിശോധനയിൽ പ്രതിയെ കണ്ടെത്താനായില്ലെങ്കിലും പിന്നീട് എറണാകുളത്ത് വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്‌ഐ പ്രദീപ് കുമാർ സി, എഎസ്ഐമാരായ ഷമീർ, സുനീഷ്, വനിത പൊലീസ് ഉദ്യോഗസ്ഥരായ ഡാനി, രന്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
English Summary
A 30-year-old bedroll staff member from Kanpur, Uttar Pradesh, was arrested for allegedly sexually assaulting a 10-year-old girl on board the Okha–Ernakulam Express.









