കൊല്ലം: മൊബൈൽ ഫോണുകളിൽ സ്പാം കോളുകളുടെ ഭീഷണി ചെറുക്കാൻ ഡിഎൻഡി ( ഡോണ്ട് ഡിസ്റ്റർബ്) ആപ്പ് പുറത്തിറക്കാൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ തയാറെടുപ്പുകൾ തുടങ്ങി. ഇതിന്റെ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച് ട്രായ് അധികൃതർ വിദഗ്ധരുമായി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
നിരവധി സവിശേഷതകൾ ഉൾപ്പെടുന്ന ആപ്പ് രണ്ട് മാസത്തിനകം പ്രവർത്തനക്ഷമമാകും എന്നാണ് പുറത്തു വരുന്ന വിവരം. ഉപഭോക്താക്കൾക്ക് സ്പാം കോളുകൾ സംബന്ധിച്ച പരാതികൾ ഈ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം. ഇത് റിപ്പോർട്ടായി മൊബൈൽ സേവന ദാതാവിന് കൈമാറുംഅതുവഴി വിളിക്കുന്നവരെ തടയാൻ കഴിയും.
പരാതികളിൽ സ്വീകരിച്ച നടപടികളുടെ അപ്ഡേറ്റുകൾ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് ആപ്പിൽ അവസരം ഉണ്ടാകും. പിഴവുകൾ ഇല്ലാതെ സ്പാം കോളുകൾ പൂർണമായും തടയാൻ കഴിയുമോ എന്ന കാര്യത്തിൽ സാങ്കേതിക പരിശോധനകൾ നടത്തുന്നുണ്ട്.
ട്രായ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പാം കോളുകൾ തടയുന്നതിന്റെ ഭാഗമായി മൊബൈൽ ഓപ്പറ്റേർമാർ എണ്ണൂറിൽ അധികം സ്ഥാപനങ്ങളെ നിലവിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 18 ലക്ഷത്തിലധികം മൊബൈൽ നമ്പരുകളുടെ ഉറവിടങ്ങളും ഇതിന്റെ ഭാഗമായി ഇതിനകം വിഛേദിച്ചു കഴിഞ്ഞു.
വാണിജ്യ കോളുകൾ ശുദ്ധീകരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് ട്രായ് ഇതിനെ കാണുന്നത്. രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റിംഗ് കമ്പനികളെ കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ രജിസ്റ്റർ ചെയ്യാത്തവരുടെ സ്പാമും ഫിഷിംഗും ഭയാനകമായി കൂട്ടുകയാണ്.
ഇതിനെ ഫലപ്രദമായി നേരിടാൻ പുതിയ മാർഗങ്ങൾ ആവിഷ്കരിക്കണമെന്നും മൊബൈൽ ഓപ്പറേറ്റർമാർക്ക് ട്രായ് നിർദേശം നൽകിക്കഴിഞ്ഞു. അടുത്തിടെ നടന്ന ഒരു അനൗദ്യോഗിക സർവേ പ്രകാരം രാജ്യത്ത് 10 ഉപഭോക്താക്കളിൽ ആറു പേർക്ക് പ്രതിദിനം മൂന്നിലധികം സ്പാം കോളുക കൊണ്ട് ലഭിക്കുന്നത്. 76 ശതമാനം ഉപഭോക്താക്കളും ഇത് സ്ഥിരീകരിക്കുന്നു.
ഇത്തരം ടെലിമാർക്കറ്റിംഗ് ഗ്രൂപ്പുകളിൽ നിന്ന് ഓപ്പറ്റേർമാർ പിഴ തുക ഈടാക്കണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാൽ ഇവർ ഓപ്പറേറ്റർമാരെ നിരന്തരം മാറ്റുന്നത് നടപടികൾക്ക് തടസമാകുന്നുണ്ട്. ഇതിനൊക്കെ സമ്പൂർണ പരിഹാരം ലക്ഷ്യമിട്ടാണ് ട്രായ് പുതിയ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്.