ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികൾ അപ്പീൽ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും ഉൾപ്പെടെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളും സിപിഎം നേതാക്കളായ ജ്യോതി ബാബുവും കെ.കെ കൃഷ്ണനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.(TP case accused in Supreme Court against high court verdict)
ടിപി കേസിലെ പ്രതികളുടെ ഭാഗത്തു നിന്നും മൂന്ന് സെറ്റ് ഹർജികളാണ് സുപ്രീം കോടതിയിൽ എത്തിയിരിക്കുന്നത്. 12 വർഷമായി തങ്ങൾ ജയിലിൽ കഴിയുകയാണെന്നും ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്നും പ്രതികൾ അപ്പീലിൽ പറഞ്ഞു. അപ്പീലിൽ നടപടിയെടുക്കുന്നത് വരെ തങ്ങൾക്ക് ജാമ്യം നൽകണമെന്നും പ്രതികൾ ഹർജിയിൽ ആവശ്യപ്പെടുന്നു.