കൊച്ചി: കസ്റ്റംസ് പുകയാക്കിയത് നാലുകോടി രൂപയുടെ സിഗരറ്റ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ മൂന്നു ടൺ വിദേശ സിഗററ്റാണ് കസ്റ്റംസ് അധികൃതർ കഴിഞ്ഞദിവസം കത്തിച്ചു കളഞ്ഞു. പിടികൂടിയ ഇന്ത്യൻ നിർമ്മിത സിഗററ്റായ ഗോൾഡ് ഫ്ളേക്കിന്റെ വ്യാജൻ ഉൾപ്പെടെ കത്തിച്ചു കളഞ്ഞു. ഗോൾഡ് സിഗരറ്റ് മാത്രം രണ്ട് ടണ്ണോളം വരും. അമ്പലമേടിലെ മാലിന്യസംസ്കരണ കമ്പനിയായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ ഇൻസിനറേറ്ററിലായിരുന്നു ഇത്രയും സിഗരറ്റുകൾ കത്തിച്ചുകളഞ്ഞത്. ഒരു പകൽ മുഴുവൻ വേണ്ടിവന്നു ഇത്രയും കത്തിത്തീരാൻ.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നുള്ള മുന്നറിയിപ്പും ക്യാൻസർ ചിത്രങ്ങളും രേഖപ്പെടുത്തിയ പുകയില ഉത്പന്നങ്ങൾ മാത്രമേ ഇന്ത്യയിൽ വിൽക്കാനാകൂ. അതില്ലാത്തതാണ് പിടികൂടിയത്. കാർട്ടൺ കണക്കിന് ഗോൾഡ് ഫ്ളേക്ക് കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാൻഡുകളും വിലയേറിയ മാൾബറോ ഉൾപ്പടെയുള്ള വിദേശ സിഗററ്റുകളുമടക്കമാണിത്. ഇന്ത്യൻ ബ്രാൻഡിന്റെ വ്യാജൻ വിദേശത്ത് നിർമ്മിച്ച് കടത്തുന്നത് അടുത്തിടെയാണ് തുടങ്ങിയത്.
തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന സിഗരറ്റ് കടത്തിന് പിന്നിൽ മലപ്പുറം സംഘമാണെന്നാണ് സൂചന. കാസർകോട്, മംഗലാപുരം, ഗോവ, മുംബയ് കേന്ദ്രീകരിച്ചാണ് വിദേശ, വ്യാജ സിഗരറ്റുകൾ കൂടുതലായും വിറ്റഴിക്കുന്നത്.
68 ശതമാനം നികുതിയാണ് സിഗററ്റിന്. കച്ചവടക്കാർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന വ്യാജൻ ഒറിജിനലിന്റെ വിലയ്ക്കാണ് വിൽക്കുന്നത്.
Read Also: പണി തുടങ്ങി, നവകേരള ബസ്സിന്റെ ശുചിമുറി നശിപ്പിച്ച് അജ്ഞാതൻ; ഇന്നു സർവീസ് നടത്തിയത് ശുചിമുറി ഇല്ലാതെ