പെരുമ്പാവൂർ: പുല്ലുവഴി എം.സി റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു. ആറ് പേർക്ക് പരിക്ക്. പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ ഇന്ന് വെളുപ്പിന് ആറ് മണിയോടെയാണ് സംഭവം. രണ്ടു കാറും ഒരു ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ മൂന്നു വാഹനങ്ങളും പൂർണമായും തകർന്നു. മൂവാറ്റുപുഴ ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിയന്ത്രണം തെറ്റി പെരുമ്പാവൂർ ഭാഗത്തു നിന്നും വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇന്നോവ കാറിൽ എയർപോർട്ടിലേക്ക് പോകുകയായിരുന്ന സംഘമായിരുന്നു യാത്ര ചെയ്തിരുന്നത്.
ഓട്ടോറിക്ഷയിൽ ഹോട്ടൽ ഉടമയായിരുന്നു സഞ്ചരിച്ചിരുന്നത്. മറ്റൊരു കാറിൽ അങ്കമാലിയിലുണ്ടായ അപകടത്തേ തുടർന്ന് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലേക്ക് രോഗിയും സംഘവുമാണ് ഉണ്ടായിരുന്നത്. രണ്ടു പേരുടെ നില ഗുരുതരമാണ്.