അബുദാബി: പ്രവാസ ലോകത്തിന് എന്നും പ്രതീക്ഷ നൽകുന്ന ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്.
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ ബിഗ് ടിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, ബിഗ് ടിക്കറ്റിലൂടെ വീണ്ടും പ്രവാസലോകത്ത് മലയാളികളെ തേടി ഭാഗ്യം എത്തിയിരിക്കുകയാണ്.
ബിഗ് ടിക്കറ്റ് സീരീസ് 271 നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കാണ് ഇക്കുറി സമ്മാനം ലഭിച്ചത്. മലയാളികളായ സന്ദീപ് താഴയിൽ (33), ഷറഫുദ്ദീൻ ഷറഫ് (36), ആൽവിൻ മൈക്കിൾ എന്നിവരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
മൂന്നു ഇന്ത്യക്കാർക്കും ഒരു ബംഗ്ലാദേശ് പൗരനുമാണ് ഇക്കുറി ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചത്.
സന്ദീപിന് 15 ലക്ഷം രൂപ (60,000 ദിർഹം) ആണ് സമ്മാനം. സന്ദീപ് 15 കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്.
യുഎഇയിൽ കഴിഞ്ഞ 10 വർഷമായി താമസിക്കുന്ന ഈ 33 വയസ്സുകാരൻ പ്രൊജക്ട് എച്ച്എസ്ഇ മാനേജരായാണ് ജോലി ചെയ്യുന്നത്.
ഭാര്യയെയും മക്കളെയും യുഎഇയിലേക്ക് കൊണ്ടുവരികയാണ് തന്റെ ആദ്യത്തെ ലക്ഷ്യമെന്ന് സന്ദീപ് പറഞ്ഞു. ഏറെക്കാലത്തെ ആഗ്രഹമാണ് അവരെ ഇവിടേക്ക് കൊണ്ടുവന്ന് ഒന്നിച്ച് ജീവിക്കുക എന്നത്.
ബാക്കി പണത്തിന്റെ ഒരു ഭാഗം തന്റെ സാമ്പത്തിക ബാധ്യതകൾ വീട്ടാൻ ഉപയോഗിക്കും.
ഡ്രൈവറായ ഷറഫുദ്ദീൻ ഷറഫിനും 15 ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 5 വർഷമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
ഷറഫുദ്ദീൻ 15 കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. മകൾക്ക് എന്താണ് ആഗ്രഹം അതു നേടിക്കൊടുക്കാനാണ് തന്റെ സമ്മാനത്തുക ഉപയോഗിക്കുക എന്ന് ഷറഫുദ്ദീൻ പറഞ്ഞു.
ഖത്തറിൽ ജോലി ചെയ്യുന്ന ആൽവിൻ മൈക്കിളിന് 35 ലക്ഷം രൂപ (150,000 ദിർഹം) ആണ് സമ്മാനം ലഭിച്ചത്. ഓൺലൈനിലൂടെ വാങ്ങിയ 271-07378 ടിക്കറ്റാണ് സമ്മാനം നേടിക്കൊടുത്തത്.
കഴിഞ്ഞ ആറ് വർഷമായി യുഎഇയിൽ താമസിക്കുന്ന തപൻ ദാസാ (30) ണ് ഒരു ലക്ഷം ദിർഹം സമ്മാനം നേടിയ ബംഗ്ലാദേശി. 20 പേരോടൊത്താണ് ഇദ്ദേഹം ഭാഗ്യ പരീക്ഷണം നടത്തിയത്. ഈ പണമുപയോഗിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാനാണ് ആഗ്രഹമെന്ന് ഇദ്ദേഹം പറഞ്ഞു