മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം എന്നാണു റിപ്പോർട്ട്. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരിൽ കലക്ടർക്ക് ഭീഷണിക്കത്ത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. വയനാട്ടിൽനിന്നും ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് മാവോവാദികളെ പിടികൂടിയിരുന്നത്. പിടികൂടിയവരിൽനിന്ന് എ.കെ 47 ഉൾപ്പെടെ തോക്കുകൾ പിടിച്ചെടുത്തിരുന്നു.
പിടിയിലായ മാവോവാദികളെ തമിഴ്നാട് ക്യൂ ബ്രാഞ്ച്, കർണാടക ആന്റി നക്സല്‍ സ്ക്വാഡ് ഉദ്യോഗസ്ഥർക്കുപുറമെ തെലങ്കാന, ആന്ധ്ര, ഛത്തിസ്ഗഢ് പൊലീസും ചോദ്യംചെയ്തിരുന്നു. ഇവരെ പിടികൂടിയതിന്റെ പിറ്റേദിവസം എൻ.ഐ.എ സംഘവും അന്വേഷണത്തിന് എത്തിയിരുന്നു. തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ വെടിയുതിർത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. കണ്ണൂർ പൊലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്ന് പുതുച്ചേരി പൊലീസ് ഇന്നലെ വിവിധയിടങ്ങളിൽ അന്വേഷണം നടത്തിയിരുന്നു.