കണ്ടാൽ അവനൊരു സാധു ജീവിയാണ്. എന്നാൽ ഒപ്പിക്കുന്ന പ്രവർത്തികൾ ചില്ലറയല്ല. ഒടുവിൽ കൊന്നൊടുക്കാൻ തീരുമാനം. ഇന്ത്യൻ കാക്കകളെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. എണ്ണം കുറക്കാനായി പല ജീവികളെയും കൊന്നൊടുക്കുന്ന രീതി ഉണ്ടെങ്കിലും കാക്കകൾക്ക് നേരെ ഇതാദ്യമാണ് ഇത്തരമൊരു നടപടി. (This country to kill one million Indian crows)
കെനിയയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. കാക്കകളെ കൊന്നൊടുക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് 2024 ന്റെ അവസാനമെത്തുന്നതോടെ രാജ്യത്തുനിന്നും 10 ലക്ഷം ഇന്ത്യൻ കാക്കകളെ കെനിയയിൽ നിന്നും നീക്കം ചെയ്യും എന്നാണു റിപ്പോർട്ട്.
കെനിയ വൈൽഡ് ലൈഫ് സർവീസ് (കെഡബ്ല്യുഎസ്) ആണ് ഈ തീരുമാനത്തിന് പിന്നിൽ. പതിറ്റാണ്ടുകളായി കെനിയയുടെ വ്യത്യസ്ത പ്രദേശങ്ങളിലുള്ളവർ കാക്കകളുടെ ശല്യം സഹിച്ച് ജീവിക്കുകയാണ്. കർഷകരും ഹോട്ടലുടമകളുമാണ് പരാതിക്കാരിൽ ഭൂരിഭാഗവും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വർധിച്ചുവരുന്ന അവസ്ഥ മനസ്സിലാക്കി ഇതിന് അടിയന്തര നടപടിയെടുക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് കെ ഡബ്ല്യു എസിന്റെ വൈൽഡ് ലൈഫ് ആൻഡ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ അറിയിച്ചു.
സ്കേലി ബാബ്ലേഴ്സ്, പൈഡ് ക്രോസ്, മൗസ് കളേർഡ് സൺ ബേർഡ്സ്, വീവർ പക്ഷികൾ, കോമൺ വാക്സ്ബിൽ തുടങ്ങിയ പക്ഷി ഇനങ്ങൾക്കാണ് പ്രധാനമായും ഇന്ത്യൻ കാക്കകൾ ഭീഷണി ഉയർത്തുന്നത്.ഇന്ത്യൻ കാക്കകൾ കൃഷിയിടങ്ങളിൽ കൂട്ടമായി പറന്നിറങ്ങി വിത്തുകൾ ഭക്ഷണമാക്കുന്നത് മൂലം കർഷകരും പ്രതിസന്ധിയിലാകുന്നുണ്ട്.
കെനിയയിലെ കാക്കകൾ പൊതുവേ ആക്രമകാരികളാണ്. വംശനാശഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ വേട്ടയാടുന്ന ഇവയുടെ സാന്നിധ്യം മൂലം കെനിയയുടെ തീരദേശ മേഖലയിലെ പല പക്ഷി വർഗ്ഗങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കാക്കകൾ പ്രാദേശിക പക്ഷികളുടെ കൂടുകൾ തകർക്കുന്നതും മുട്ടകൾ ഭക്ഷണമാക്കുന്നതും പതിവാണ്.
പൊതു ഇടങ്ങളിൽ ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കാൻ കാക്കകൾ കൂട്ടമായി എത്തുന്നത് സഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അവയുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനം.